എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ
പാലക്കാട്: 161 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. മൂന്നിയൂർ പാറക്കടവ് കുന്നത്തേരി സ്വദേശി അഷറഫിനെ (39) ഒലവക്കോട് താണാവിൽ നിന്നാണ് ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്ന് വാങ്ങി എം.ഡി.എം.എ മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. ഈ വർഷം ആദ്യമായാണ് ഇത്രയധികം എം.ഡി.എം.എ ഒരാളിൽ നിന്ന് പിടികൂടുന്നത്. മലപ്പുറത്ത് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ അഷ്റഫെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, മങ്കര, പാലക്കാട് ടൗൺ, പുതുശ്ശേരി, ആലത്തൂർ, വടക്കഞ്ചേരി, തൃത്താല, മലമ്പുഴ, ശ്രീകൃഷ്ണപുരം, ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എം.ഡി.എം.എ പിടികൂടിയിരുന്നു.
ഈ വർഷം ഇതുവരെ പൊലീസ് 862 ഗ്രാം എംഡിഎംഎ, 95 ഗ്രാം മെത്താഫെറ്റമിൻ, 37 ഗ്രാം ആംഫെറ്റമിൻ, 230 കിലോ കഞ്ചാവ്, 500 ഗ്രാം ഹഷീഷ് ഓയിൽ, രണ്ട് കണ്ടെയ്നറുകളിൽ കടത്തിയ ടൺ കണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടികൂടിയിട്ടുണ്ട്. 139 പ്രതികളും അറസ്റ്റിലായി.
പാലക്കാട് എ.എസ്.പി ഷാഹുൽ ഹമീദ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, നോർത്ത് സബ് ഇൻസ്പെക്ടർ എം.സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.സലീം, എം.അജീഷ്, കെ.ദീപു, കെ.ഉണ്ണിക്കണ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.