മണിപ്പൂർ സംഘർഷം; അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്ന്
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിൽ ലോക്സഭയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ചർച്ച ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി 12 മണിക്കൂർ ചർച്ചയാണ് അനുവദിച്ചിരിക്കുന്നത്.
കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിയാവും ചർച്ചയ്ക്ക് തുടക്കമിടുക. ചർച്ചയിൽ ഭരണപക്ഷത്തിന് ആറ് മണിക്കൂറും 41 മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന് ഒരു മണിക്കൂറും 15 മിനിറ്റുമാണ് നൽകുക.
മറ്റു പാര്‍ട്ടികള്‍ക്കും സ്വതന്ത്ര അംഗങ്ങള്‍ക്കും സംസാരിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ നിന്നും അഞ്ച് നേതാക്കളാണ് ചർച്ചയിൽ പങ്കെടുക്കുക. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു എന്നിവരാണ് സംസാരിക്കുക.
കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധി, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരാവും സംസാരിക്കുക. മറ്റു പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.
രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് പാര്‍ലമെന്റില്‍ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുന്നത്.
അവിശ്വാസ പ്രമേയ ചർച്ചയിൽ ബി.ആർ.എസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും. അതേസമയം ബി.ജെ.ഡി, വൈ.എസ്.ആർ കോണ്‍ഗ്രസ്. റ്റി.ഡി,.പി പാര്‍ട്ടികള്‍ ബി.ജെ.പിയെ പിന്തുണക്കും.