ഗുജറാത്തിലെ ഭൂരിപക്ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതൃഭാഷ വായിക്കാന്‍ പോലും അറിയില്ല
ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വലിയൊരു ശതമാനത്തിനും മാതൃഭാഷ വായിക്കാന്‍ പോലും അറിയില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള പദ്ധതിയായ ഗുണോത്സവ് 2017ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ഏറെ അവകാശവാദങ്ങളുയര്‍ത്തിയ ഗുജറാത്തിലെ സ്കൂള്‍ വിദ്യാഭ്യാസരംഗം പ്രാഥമിക നിലവാരം പോലും പുലര്‍ത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പല കുട്ടികള്‍ക്കും ഗുജറാത്തി ഭാഷയിലെ അക്ഷരങ്ങള്‍ പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. മാതൃഭാഷ മാത്രമല്ല, ഇംഗ്ലീഷ് ഭാഷയിലും കുട്ടികളുടെ നിലവാരം വളരെ താഴ്ന്നതാണ്. ഗണിതത്തിന്റെ കാര്യമാണ് ഏറ്റവും ദയനീയം. എല്ലാ ക്ലാസുകളിലെയും വലിയ ഭാഗം കുട്ടികള്‍ക്കും ഗണിതം കീറാമുട്ടിയാണ്. ഗുജറാത്തിലെ 776 ഗ്രാമങ്ങളിലെ 15,557 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.
ഗുജറാത്തി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍, ഗണിതം എന്നിവയില്‍ കുട്ടികള്‍ക്കുള്ള ശേഷിയെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് (എഎസ്ഇആര്‍) തയ്യാറാക്കിയിരിക്കുന്നത്. അഞ്ചാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 47 ശതമാനത്തിനും മാതൃഭാഷയായ ഗുജറാത്തി വായിക്കാനറിയില്ല. ആറാം തരത്തില്‍ 45 ശതമാനവും ഏഴാം ക്ലാസില്‍ 31 ശതമാനവും എട്ടാം ക്ലാസില്‍ 23.4 ശതമാനവും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ ഒരു ഖണ്ഡിക പോലും വായിക്കാനറിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എട്ടാം ക്ലാസിലെ 65.2 ശതമാനത്തിനും ഹരണവും ഗുണനവും അടക്കമുള്ള അടിസ്ഥാന ഗണിതം പോലും അറിയില്ല. അഞ്ചാം ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ 16 ശതമാനത്തിനു മാത്രമാണ് ഹരണക്രിയ ചെയ്യാന്‍ സാധിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 18.3 ശതമാനത്തിനും സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ 31.9 ശതമാനത്തിനും മാത്രമേ രണ്ട് സംഖ്യകള്‍ തമ്മില്‍ കുറയ്ക്കാന്‍ അറിയൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.
ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരവും ദയനീയമാണ്. എട്ടാം ക്ലാസിലെ 62.4 ശതമാനത്തിനും ഇംഗ്ലീഷില്‍ ലളിതമായ ഒരു വാചകം പോലും വായിക്കാനായില്ല. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതിയും ദയനീയമാണ്. ആവശ്യത്തിന് ക്ലാസ് മുറികളോ അധ്യാപകരോ പല വിദ്യാലയങ്ങളിലുമില്ല. അധ്യാപകരുടെ നിലവാരമില്ലായ്മയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ വല്ലാതെ ബാധിച്ചിട്ടുള്ളതായി പഠനം വ്യക്തമാക്കുന്നു. പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോടു പോലും അധ്യാപകര്‍ക്ക് നിഷേധാത്മക സമീപനമാണുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.