വിധവയെയും മകനെയും ക്ഷേത്രോത്സവത്തിൽ പങ്കെടുപ്പിച്ചില്ല; ആധുനിക സമൂഹത്തിൽ ഇത്തരമൊരു അനാചാരം തുടരാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വൈവാഹിക പദവിയെ അടിസ്ഥാനമാക്കി സ്ത്രീകളുടെ പദവിയെയോ വ്യക്തിത്വത്തെയോ ഇല്ലായ്മ ചെയ്യാനോ തരംതാഴ്ത്തുവാനോ സാധ്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി.
വിധവയെന്ന് ചൂണ്ടിക്കാണിച്ച് സ്ത്രീയെയും മകനെയും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി രൂക്ഷമായ വിമർശനം നടത്തിയത്.
സ്ത്രീകൾക്ക് സ്വയമേവ ഒരു പദവിയും വ്യക്തിത്വവും ഉണ്ടെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് നിരീക്ഷിച്ചു. ഈറോഡ് ജില്ലയിലെ നമ്പിയൂർ താലൂക്കിൽ പെരിയകറുപ്പരയൻ ക്ഷേത്രത്തിലാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.
നവോത്ഥാന നായകർ ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവൃത്തികളെ തകർക്കാൻ ശ്രമിക്കുമ്പോൾ പല ഗ്രാമങ്ങളിലും ഇത്തരം അനാചാരങ്ങൾ തുടരുന്നതായി കാണുന്നുണ്ട്.
ഭർത്താവ് മരിച്ച സ്ത്രീ ശുഭകാര്യങ്ങൾ പങ്കെടുക്കാൻ പാടില്ലെന്ന ആചാരം പുരുഷന്മാർ അവരുടെ താത്പര്യപ്രകാരം നിർമിച്ചതാണ്. ആധുനിക സമൂഹത്തിൽ ഇത്തരമൊരു അനാചാരം തുടരാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് ഒമ്പതു മുതൽ 10 വരെയാണ് പെരിയകറുപ്പരയൻ ക്ഷേത്രത്തിലെ ഉത്സവം.
ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്ന പൊങ്കിയണ്ണന്റെ ഭാര്യയാണ് പരാതിക്കാരിയായ തങ്കമണി. 2017ലാണ് പൊങ്കിയണ്ണൻ മരിച്ചത്. തങ്കമണി വിധവയായതു കൊണ്ട് ഉത്സവത്തിൽ പങ്കെടുക്കാൻ പാടില്ലെന്നാണ് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്.
ഈ തീരുമാനത്തിനെതിരേയാണ് തങ്കമണി കോടതിയെ സമീപിച്ചത്. വിധവയാണെന്നതിന്റെ പേരിൽ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാൻ ഒരു വ്യക്തിക്കും അവകാശമില്ലെന്നും അത്തരത്തിലുള്ള സംഭവങ്ങൾക്കെതിരേ നടപടി സ്വീകരിക്കേണ്ടത് പൊലീസിന്റെ കടമയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
വിധവയെ വിലക്കിയവരെ വിളിച്ചു വരുത്തി ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും ഉത്സവ ദിനങ്ങളിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സംരക്ഷണം നൽകണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.