സർക്കാർ ജീവനക്കാരെ അംഗീകരിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സി.പി. മാത്യു.
ഇടുക്കി: കേരള എൻ.ജി.ഒ. അസോസിയേഷൻ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ ആറു പതിറ്റാണ്ടിലേറെകാലം പൊതുജനസേവന രംഗത്തും 53 വർഷക്കാലം നിയമസഭാ രംഗത്തും സംഭവ ബഹുലമായ ചരിത്രം എഴുതി ചേർത്തു കൊണ്ടാണ് ഉമ്മൻ ചാണ്ടി കേരളത്തോട് യാത്ര പറഞ്ഞ് കടന്ന് പോയതെന്ന് സി.പി. മാത്യു അനുസ്മരിച്ചു.
കേരളത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വികസന മണ്ഡലങ്ങളിൽ ഉമ്മൻചാണ്ടിയുടെ കയ്യൊപ്പ് സൂര്യതേജസ്സായി എല്ലാക്കാലവും നിറഞ്ഞ് നിൽക്കും. ഭരണ കാലയളവിലുടനീളം സർക്കാർ ജീവനക്കാരെ അംഗീകരിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവ ഇച്ഛാശക്തിയോടെ കേരളത്തിൽ നടപ്പിലാക്കി വികസന വിപ്ലവം സൃഷ്ടിച്ച ഉമ്മൻ ചാണ്ടിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും യോഗത്തിൽ പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സായി ഉയർത്തിയും പ്യൂൺ മാർക്ക് ക്ലറിക്കൽ തസ്തികയിലേയ്ക്കുള്ള ഉദ്യോഗകയറ്റത്തിൽ സംവരണം ഏർപ്പെടുത്തിയും കേരളത്തിന്റെ സിവിൽ സർവീസ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്തത് ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ്. ഇടുക്കി ജില്ലയിൽ ഒരു സർക്കാർ മെഡിക്കൽ കോളേജ് ആരംഭിച്ചും ജില്ലാ ആസ്ഥാനത്ത് പുതിയ താലൂക്ക് അനുവദിച്ചും ജില്ലയുടെ വികസന മുന്നേറ്റത്തിൽ നിർണ്ണായക ഇടപെടലുകൾ നടത്തിയ ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സദസ്സിൽ അനുസ്മരിച്ചു.
യോഗത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ, മുൻ ഡി.സി.സി പ്രസിഡന്റ് റോയി.കെ.പൗലോസ്, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ്, സംസ്ഥാന സെക്രട്ടറി പ്രദീപ്കുമാർ, ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ജെ.അവിര, ഡി.സി.സി അംഗം ജാഫർ ഖാൻ മുഹമ്മദ്, കെ.ജി.ഒ.യു ജില്ലാ ട്രഷറർ രാജേഷ് ബേബി, അസോസിയേഷൻ സംസ്ഥാന സെക്രടറിയേറ്റ് അംഗങ്ങളായ കെ.പി.വിനോദ്, സഞ്ജയ് കബീർ, സി.എം.രാധാകൃഷ്ണൻ, ഷാജി ദേവസ്യ ജില്ലാ സെക്രട്ടറി സി.എസ്.ഷെമീർ, ട്രഷറർ സാജു മാത്യു, കെ.ജി.ഒ.യു ജില്ലാ ട്രഷറർ രാജേഷ് ബേബി, സെറ്റോ മുൻ ജില്ലാ ചെയർമാൻ റോയി ജോർജ്, അസോസിയേഷൻ നേതാക്കളായ വി.ബി.അജിതൻ.പി.കെ, യൂനസ്, കെ.സി.ബിനോയി, വിൻസന്റ് തോമസ്, എം.എ.ആന്റണി, ഒ.എം.ഫൈസൽ ഖാൻ, യു.എം.ഷാജി, പീറ്റർ.കെ.എബ്രാഹം, ബിനീഷ് തോമസ്, ഗിരീഷ്.പി.ആർ, ഡോളിക്കുട്ടി ജോസഫ്, ബുഷറ.റ്റി.ഐ എന്നിവർ സംസാരിച്ചു.