അര്‍ബുദത്തിനു മരുന്നായി തിപ്പലി
ഔഷധമായും ഭക്ഷണത്തിന് എരിവും രുചിയും കൂട്ടാനും ഉപയോഗിക്കുന്ന നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കണ്ടുവന്നിരുന്ന തിപ്പലി അര്‍ബുദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയാകാന്‍ പോകുന്നു.അര്ബുദമുഴകളില് കാണുന്ന ഒരു എന്‍സൈമിന്റെ ഉല്‍പ്പാദനത്തെ തടയാന്‍ തിപ്പലിക്കു കഴിയും.
അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഇതിനുള്ള കഴിവ് ഒരു രാസപ്രക്രിയയിലൂടെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. തിപ്പലിയില്‍ അടങ്ങിയ പിപ്പര്ലോംഗ്യുമിന് (PL) എന്ന രാസവസ്തുവിലാണ് ഈ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, കുടല് എന്നിവിടങ്ങളിലെ അര്‍ബുദം, ലിംഫേമ, ലുക്കീമിയ, ഗാസ്ട്രിക് കാന്‍സര്‍, തലച്ചോറിലെ ട്യൂമര്‍ ഇതിനെയെല്ലാം തടയാന്‍ തിപ്പലിയിലടങ്ങിയിട്ടുള്ള രാസവസ്തുവിനു കഴിയും.
പിപ്പര്ലോംഗ്യുമിന് ശരീരത്തിലെത്തുമ്പോള്‍ എന്തു മാറ്റമാണ് വരുന്നതെന്നറിയാന്‍ എക്സ്റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ച് തന്മാത്രാഘടന ഉണ്ടാക്കാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞു. GSTP എന്ന ജീനിനെ നിശബ്ദമാക്കുന്ന HPL ആയി പിപ്പര്ലോംഗ്യുമിന് പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
ട്യൂമറുകളില്‍ സാധാരണയായി ധാരാളം കാണപ്പെടുന്ന ഡീടോക്സിഫിക്കേഷന് എന്‍സൈമിനെ ഉല്‍പ്പാദിപ്പിക്കുന്നത് GSTP എന്ന ജീന്‍ ആണെന്നു പഠനം പറയുന്നു.
ഈ മരുന്നിന്റെ ഘടന അര്‍ബുദചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് എക്സ്റേ ക്രിസ്റ്റലോഗ്രഫിയുടെ ശക്തി പ്രകടമാക്കുന്ന ഒരു പഠനമാണിതെന്നും ഗവേഷകനായ ഡോ. കെന്നത്ത് വെസ്റ്റോവര്‍ പറയുന്നു.
തെക്കേഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കാണപ്പെടുന്ന ഒരു സസ്യമാണ് തിപ്പലി. ഇന്ത്യയില്‍ ആയിരക്കണക്കിനു വര്‍ഷമായി ആയുര്‍വേദചികിത്സയില്‍ തിപ്പലി ഉപയോഗിക്കുന്നുണ്ട്.
ആധുനികശാസ്ത്രം ഉപയോഗിച്ച് മൂവായിരത്തോളം വര്‍ഷം പഴക്കമുള്ള വൈദ്യശാസ്ത്രശാഖയെ കൂടുതല്‍ അറിയാന്‍ സാധിച്ചുവെന്നതും പ്രധാനമാണെന്ന് സൗത്ത്വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പറയുന്നു.