കണ്ണൂരിലെ കൊലവിളി, പ്രകോപനപ്രസംഗം; യുവമോർച്ചയ്ക്ക് പരാതി ഉണ്ട്, കേസില്ല; സിപിഎമ്മിനു പരാതിയേയില്ല; പി. ജയരാജന്റെയും ഷംസീറിന്റെയും സുരക്ഷ കൂട്ടി
കണ്ണൂർ: കണ്ണൂരിൽ കൊലവിളി മുദ്രാവാക്യം മുഴക്കുകയും പ്രകോപനപ്രസംഗം നടത്തുകയും ചെയ്ത യുവമോർച്ച, സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കേസെടുക്കാതെ പോലീസ്. സ്പീക്കർ എ.എൻ.
ഷംസീറിന്റെ തലശേരിയിലെ എംഎൽഎ ക്യാന്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷിന്റേതായിരുന്നു ആദ്യ പ്രകോപനം.
“ഹിന്ദുസമൂഹത്തെ അപഹസിക്കുന്നത് ഷംസീർ അവസാനിപ്പിക്കണം, ജോസഫ് മാഷിന്റെ കൈ പോയപോലെ പോകില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാവാം.
പക്ഷേ, എല്ലാക്കാലത്തും ഹിന്ദുസമൂഹം അങ്ങനെതന്നെനിന്നു കൊള്ളണമെന്നില്ല’ എന്നിങ്ങനെയായിരുന്നു ഗണേശിന്റെ പ്രസംഗം.
ഇതിനു സിപിഎം നേതാവ് പി. ജയരാജന്റെ മറുപടി അതിലും പ്രകോപനപരമായിരുന്നു. “ഷംസീറിനുനേരേ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് നിങ്ങൾ മനസിലാക്കണമെന്ന് തലശേരിയിൽ എൽഡിഎഫ് മണിപ്പുർ ഐക്യദാർഢ്യ കൂട്ടായ്മയിൽ ജയരാജൻ പറഞ്ഞു.
പി. ജയരാജന്റെ പരാമർശത്തിനെതിരേ കണ്ണൂർ കാൾടെക്സിലും, മാഹി പള്ളൂരിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ബിജെപി-യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണു വീണാൽ തിരുവോണ നാളിൽ ഒരു വരവുകൂടി വരേണ്ടിവരുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യരും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി പി. ജയരാജനെതിരേ കണ്ണൂർ സിറ്റി പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല.
എന്നാൽ, കൊലവിളി മുദ്രാവാക്യം മുഴക്കിയ യുവമോർച്ച പ്രവർത്തകർക്കെതിരേ ആരും പരാതി നല്കിയിട്ടില്ല. സംഭവത്തിൽ പോലീസിന് സ്വമേധയാ കേസെടുക്കാമെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.
കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് നടത്തിയ മണിപ്പുർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവവുമായി ബന്ധപ്പെട്ട് 307 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരുന്നു.
അതിനിടെ പി. ജയരാജന്റെ സുരക്ഷ പോലീസ് വർധിപ്പിച്ചു. നേരത്തെയുള്ള ഒരു ഗൺമാനെ കൂടാതെ എട്ട് പോലീസുകാരെ കൂടി ജയരാജന്റെ സുരക്ഷയ്ക്കായി നിയോഗിക്കാനാണ് തീരുമാനം. സ്പീക്കർ എ.എൻ. ഷംസീറിന്റെ സുരക്ഷയും കൂട്ടിയിട്ടുണ്ട്.