പരസ്പരം അറിയാതെ ഒന്നരവര്‍ഷം;നൗഷാദ് മരിച്ചെന്നു കരുതി അഫ്സാന, അഫ്സാന മരിച്ചിരിക്കാമെന്നു നൗഷാദും; മക്കളെ വിട്ടുനല്‍കാന്‍ ആവശ്യപ്പെടും
പത്തനംതിട്ട: ആ ഒരു അടിയില്‍ ബോധംകെട്ട് താഴെ വീണ നൗഷാദ് മരിച്ചു കാണുമെന്നു കരുതി നാടുവിട്ടതാണ് അഫ്സാന. താന്‍ ചത്തു കാണുമെന്നു കരുതി അഫ്സാന ജീവനൊടുക്കിയിട്ടുണ്ടാകുമെന്ന് കരുതി നൗഷാദും. പരസ്പരം ഇരുവരും ‘കൊന്ന്’ കഴിഞ്ഞത് ഒന്നരവര്‍ഷമാണ്.
കൂടലില്നിന്നു കാണാതായി തിരികെ വന്ന നൗഷാദിന്റെ ജീവിതം ആകെപ്പാടെ ദുരൂഹത നിറഞ്ഞതാണ്. അതിലപ്പുറമാണ് അഫ്സാനയുടേത്.
ഏതായാലും പോലീസിനെ വട്ടംചുറ്റിച്ച ഇരുവരെയും വെറുതെ അങ്ങു വിടാനില്ലെന്നാണ് കൂടല്‍ പോലീസ് പറയുന്നത്. കലഞ്ഞൂര്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ നൗഷാദി (34) നെ ഇന്നലെ തൊടുപുഴയില്‍ കണ്ടെത്തുകയും വൈകുന്നേരത്തോടെ പത്തനംതിട്ട കോടതിയിലും പിന്നീട് കൂടല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയുമുണ്ടായി.
ഭര്‍ത്താവായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന നല്കിയ മൊഴിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കേസില്‍ വഴിത്തിരിവെന്നോണമാണ് ഇന്നലെ നൗഷാദിന്റെ രംഗപ്രവേശം ഉണ്ടായത്.
നൗഷാദിന്റെ മൃതദേഹം തേടി വ്യാഴാഴ്ച കൂടല്‍ പോലീസ് ഇവര്‍ താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വീട്ടിലും പരിസരങ്ങളിലും വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. പിന്നാലെ അറസ്റ്റിലായ അഫ്സാന റിമാന്‍ഡിലുമാണ്.
ഇനി അഫ്സാനയ്ക്കൊപ്പം ജീവിക്കാനില്ല
ഭാര്യ അഫ്സാനയ്ക്കൊപ്പം ഇനി ജീവിക്കാനില്ലെന്നു തന്നെയാണ് നൗഷാദ് പറയുന്നത്. ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്നു തന്നെ മര്‍ദിച്ചവശനാക്കിയെന്നും ഇതേത്തുടര്‍ന്നാണ് 2021 നവംബറില്‍ നാടുവിട്ടതെന്നും നൗഷാദ് പോലീസിനോടു പറഞ്ഞു.
ബോധം വീണ് എഴുന്നേല്ക്കുമ്പോള് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. താന്‍ മരിച്ചുവെന്നു കരുതി അഫ്സാന പോയതെന്ന് നൗഷാദ് മനസിലാക്കി.
പിന്നീട് വിവരമൊന്നും ഇല്ലായിരുന്നതിനാല്‍ ജീവനൊടുക്കിയിട്ടുണ്ടാകുമെന്നും കരുതി. ഇതോടെ നൗഷാദും നാടുവിട്ടു. ഫോണ്‍ ഒന്നും ഉപയോഗിക്കാതെ തൊടുപുഴയിലെത്തി. അവിടെ തൊമ്മന്‍കുത്ത് ഭാഗത്തു ജോലി ചെയ്തു കഴിഞ്ഞുവരികയായിരുന്നു.
ഇനി അങ്ങോട്ടു തന്നെ മടങ്ങാനാണ് തീരുമാനം. ഭാര്യയ്ക്കൊപ്പം താനിനി പോകില്ലെന്നും മക്കളെ വിട്ടുനല്‍കാന്‍ ആവശ്യപ്പെടുമെന്ന് നൗഷാദ് പറഞ്ഞു. രണ്ട് മക്കളാണ് നൗഷാദ് -അഫ്സാന ദന്പതികള്‍ക്കുള്ളത്.
മകനെ കാണാനില്ലെന്നു പിതാവ് അഷറഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കൂടല്‍ പോലീസില്‍ കേസ് നിലനിന്നിരുന്നത്. ഇതില്‍ പോലീസ് അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു.
ഇതിനിടെയാണ് നൗഷാദിനെ അടൂരില്‍ താന്‍ കണ്ടുവെന്ന പേരില്‍ അഫ്സാന രംഗത്തെത്തുന്നത്. കൂടലിലെ വനിത എസ്ഐയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
തുടര്‍ന്ന് കൂടല്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഭര്‍ത്താവിനെ താന്‍ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴി നല്‍കിയത്.
അഫ്സാന ഉടന്‍ പുറത്തിറങ്ങില്ല
ഒന്നര വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ താന്‍ കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യയുടെ മൊഴി വിശ്വാസിച്ച് അന്വേഷണത്തിനിറങ്ങിയ പോലീസിന് ഒരു തിരോധാനക്കേസ് ചുരുളഴിക്കാന്‍ കഴിഞ്ഞുവെങ്കിലും മൃതദേഹം തേടിയുള്ള തെരച്ചില്‍ നാണക്കേടായി.
വ്യാഴാഴ്ച പകല്‍ മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവില്‍ മൊഴികള്‍ മാറ്റിപ്പറഞ്ഞ് വട്ടം ചുറ്റിച്ച അഫാസാനയെ പോലീസ് അറസ്റ്റു ചെയ്ത് റിമാന്ഡിലാക്കിയിരിക്കുകയാണ്.
അഫ്സാനയുടെ ജാമ്യത്തെ എതിര്‍ക്കാനാണ് നിലവില്‍ പോലീസിന്റെ തീരുമാനം. പോലീസിനെ കബളിപ്പിക്കല്‍, അന്വേഷണം വഴിതിരിച്ചുവിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അഫ്സാനയും നൗഷാദും താമസിച്ചിരുന്ന വീടും പരിസരവും മൃതദേഹത്തിനുവേണ്ടിയുള്ള തെരച്ചിലിന്റെ പേരില്‍ കുഴിച്ചിട്ടിരിക്കുകയാണ്.
ഇതിനെതിരേ വീട്ടുടമയായ ബിജു കുമാറും പരിസരവാസികളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ജില്ലാ പോലീസ് മേധാവിയെ കണ്ട് പരാതി നല്‍കുമെന്ന് ബിജു കുമാര്‍ പറഞ്ഞു.
നൗഷാദും അഫ്സാനയും ൂന്നു മാസങ്ങളാണ് പരുത്തിപ്പാറയിലെ വീട്ടില്‍ വാടകയ്ക്കു കഴിഞ്ഞത്. ഇക്കാലയളവിലെ വാടക പോലും നല്‍കിയിട്ടില്ല.