മണിപ്പൂർ കലാപം; ബി.ജെ.പി സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് മണിപ്പൂരിലെ സ്ഥിതി വഷളാക്കിയതെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിന്റെ പേരിൽ പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം നടത്തിവരുന്ന വിമർശനം നേരിടാൻ കേന്ദ്ര സർക്കാർ തയാറെടുപ്പ് നടത്തുന്നു.
കോൺഗ്രസ് ഭരണകാലത്ത് മണിപ്പൂരിലുണ്ടായ സംഘർഷങ്ങളുടെ കണക്ക് നിരത്തി പ്രതിരോധിക്കാനാണ് ശ്രമം. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് മണിപ്പൂരിലെ സ്ഥിതി വഷളാക്കിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ഇതിനു മറുപടിയായി, സംഘർഷത്തിനു ശമനമുണ്ടാക്കിയെന്ന കണക്കുകളൊന്നും കാണിക്കാൻ സർക്കാരിന്റെ പക്കലില്ല. പകരം, 1993 മുതൽ 1998 വരെ നാഗാ - കുകി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങൾ വീണ്ടും ഉയർത്തിക്കാട്ടാനാണ് ബിജെപി ഉദ്ദേശിക്കുന്നത്.
അഞ്ച് വർഷത്തോളം നീണ്ട അന്നത്തെ സംഘർഷ കാലത്ത് 350 ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും 750 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്ന് എട്ടു മാസത്തോളമാണ് കലാപം സജീവമായി തുടർന്നതെന്നും, അതിനു ശേഷവും കൊലപാതകങ്ങൾ തുടർന്നെന്നും ബിജെപി ബൗദ്ധിക കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള രേഖകൾ അരിച്ചുപെറുക്കുന്ന തിരക്കിലാണിപ്പോൾ ബിജെപി എംപിമാർ. 1997 മുതൽ 1998 വരെ നീണ്ട കുകി - പൈത് കലാപത്തിൽ 352 പേർ മരിക്കുകയും, 50 ഗ്രാമങ്ങൾ തകർക്കപ്പെടുകയും ചെയ്തതായും രേഖകളിലുണ്ട്.
1993ൽ 100 പേർ മരിച്ച മെയ്തെയ്-പംഗൽ സംഘർഷം, 1995ൽ ഒമ്പത് പേർ മരിച്ച കുകി-തമിഴ് സംഘർഷം എന്നിവയും ചികഞ്ഞെടുത്തിട്ടുണ്ട്. കുകി-തമിഴ് സംഘർഷത്തെത്തുടർന്ന് മേഖലയിലുണ്ടായിരുന്ന 13,000 തമിഴ് വംശജരിൽ 9,000 പേരും പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു.
ഇബോബി സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സംസ്ഥാന ഭരിച്ചിരുന്ന 15 വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 1728 വ്യാജ ഏറ്റുമുട്ടൽ കേസുകളും ബിജെപി പ്രതിനിധികൾ ഉയർത്തിക്കാട്ടും.