ഭാര്യ കൊന്നു കുഴിച്ചു മൂടിയെന്നു പറഞ്ഞ ഭർത്താവ് തൊടുപുഴയിൽ ജീവനോടെ
തൊടുപുഴ: കലഞ്ഞൂരിൽ നിന്നും ഒന്നര വർഷം മുൻപ് കാണാതായ പാടം സ്വദേശി നൗഷാദിനെ ഇടുക്കി തൊടുപുഴയിൽ നിന്നും കണ്ടെത്തി. നൗഷാദിനെ കൊന്നു കുഴിച്ചു മൂടിയെന്ന് ഭാര്യ അഫ്സാന തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു.
നൗഷാദിന്റെ മൃതശരീരം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നൗഷാദ് ജീവനോടെയുണ്ടെന്ന വാർത്തകൾ പുറത്തു വന്നത്. താൻ മാറി നിന്നത് കുടുംബ പ്രശ്നങ്ങൾ കൊണ്ടാണെന്ന് നൗഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ തൊടുപുഴയിലെ റബർ തോട്ടത്തിൽ ജോലി ചെയ്ത് വരികയായിരുന്നെന്നും തനിക്ക് ഫോൺ ഇല്ലായിരുന്നും അദ്ദേഹം പറഞ്ഞു. പേടിച്ചിട്ടാണ് അവിടെ നിന്നും നാടു വിട്ടതെന്നും ഭാര്യയുടെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നൗഷാദ് വ്യക്തമാക്കി.
രണ്ട് വർഷമായി കുടുംബക്കാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്.
അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിന് മൊഴി നൽകി.
വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.