പ്രിൻസിപ്പൽ നിയമന പട്ടികയിൽ അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതായി തെളിവ്
തിരുവനന്തപുരം: സർക്കാർ ആർട്സ് ആന്റ് സയൻസ് കോളെജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതായി തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്.
സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ നിർദേശ പ്രകാരമെന്നാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നത്.
യു.ജി.സി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് മാറ്റിയത്. പ്രിൻസിപ്പൽ നിയമനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് നിർണായക വിവരാവകാശ രേഖ പുറത്തു വരുന്നത്.
43 പേരുടെ പട്ടിക ഡിപ്പാർട്ടുമെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും, നിയമനത്തിന് കോളെജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
നിയമനത്തിനായി സമർപ്പിച്ച ശുപാർശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടതെന്നാണ് പുറത്തു വന്ന വിവരം. 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം റദ്ദാക്കി അയോഗ്യരായവരെ ഉൾക്കൊള്ളിച്ചുള്ള അപ്പീൽ കമ്മിറ്റി രൂപീകരണത്തിന്റെ പിന്നിൽ ഈ ഇടപെടലായിരുന്നു.
ഡിപ്പാർട്ടുമെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നൽകുന്നതിന് പകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12നാണ് മന്ത്രി ആർ ബിന്ദു ഫയലിൽ എഴുതിയത്.
സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു. യു.ജി.സി റഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല.
മന്ത്രിയുടെ നിർദേശ പ്രകാരം കോളെജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കുകയായിരുന്നു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്.
43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു.
കഴിഞ്ഞ 24ന് ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പരാതികൾ തീർപ്പാക്കാനാണ് കൂടുതൽ പേരെ ഉൾപ്പെടുത്താൻ നിർദേശിച്ചതെന്നാണ് മന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.