നുണപരിശോധനയിലൂടെ അഴിമതിയെയും സ്ത്രീസുരക്ഷയെയും സംബന്ധിച്ച് ഉന്നയിച്ച ആരോപണം ശരിയോ തെറ്റോയെന്ന് വ്യക്തമാകും, രാജസ്ഥാനിലെ മുഴുവൻ മന്ത്രിമാരെയും വെല്ലുവിളിച്ച് പുറത്താക്കപ്പെട്ട മന്ത്രിയും രാജേന്ദ്ര സിങ്ങ് ഗുദയും
ന്യൂഡൽഹി: തനിക്കൊപ്പം നുണപരിശോധന നടത്താൻ രാജസ്ഥാനിലെ മുഴുവൻ മന്ത്രിമാരെയും വെല്ലുവിളിച്ച്, പുറത്താക്കപ്പെട്ട മന്ത്രിയും സച്ചിൻ പൈലറ്റ് പക്ഷക്കാരനുമായ രാജേന്ദ്ര സിങ്ങ് ഗുദ.
സംസ്ഥാനത്തെ അഴിമതിയെയും സ്ത്രീസുരക്ഷയെയും സംബന്ധിച്ച് ഉന്നയിച്ച ആരോപണം ശരിയോ തെറ്റോയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പക്കലുള്ള ചുവന്ന ഡയറി മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നാശം വരുത്തും. സച്ചിൻ പൈലറ്റ് ഒന്നിനും കൊള്ളാത്തവനെന്ന് ഗെലോട്ട് ആക്ഷേപിച്ചിട്ടുണ്ട്. 21 സീറ്റിൽനിന്ന് 99 സീറ്റിലേക്കെത്തിച്ചയാൾ എങ്ങനെ ഒന്നിനും കൊള്ളാത്തവനാകും.
200ൽ 21 സീറ്റ് മാത്രം നേടിയ ആളെ കഠിനാധ്വാനി എന്ന് വിളിക്കണോ. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരില്ല. ഗെലോട്ട് സർക്കാരാണെന്നും–-ഗുദ തുറന്നടിച്ചു. ബി.ജെ.പിയുമായി സഹകരിക്കുന്നുവെന്ന ആരോപണത്തെയും ഗുദ എതിർത്തു.
2008ൽ ഗെലോട്ട് സർക്കാർ പ്രതിസന്ധിയിലായപ്പോൾ താനടക്കം എട്ട് ബി.എസ്.പി എം.എൽ.എമാരാണ് ഗെലോട്ടിനെ രക്ഷിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. മകന്റെ ജന്മദിനത്തിന് എത്തിയ ഗെലോട്ട് താനില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകുമായിരുന്നില്ലന്ന് പറഞ്ഞുവെന്നും മുൻമന്ത്രി വെളിപ്പെടുത്തി.
വോട്ടിനായി ഒരിക്കലും ഗെലോട്ടിനെ ആശ്രയിച്ചിട്ടില്ല. പഴയ ബി.എസ്.പി എം.എൽ.എമാർ ഇപ്പോഴും കോൺഗ്രസ് അംഗങ്ങളായി സഭയിൽ ഉള്ളത് മറക്കരുതെന്നും ഭീഷണി സ്വരത്തിൽ ഗുദ ഓർമിപ്പിച്ചു.
തിങ്കളാഴ്ച മുൻമന്ത്രിയെ നിയമസഭയിൽ നിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്തിരുന്നു.