അനന്തപുരി എഫ്.എം നിർത്താനുള്ള തീരുമാനം പിൻവലിക്കണം, കേന്ദ്ര മന്ത്രിക്ക് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു
തിരുവനന്തപുരം: അനന്തപുരി എഫ്.എം നിർത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനും പ്രസാർഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൗരവ് ദ്വിവേദിക്കും മന്ത്രി വി ശിവൻകുട്ടി കത്തയച്ചു.
ചരിത്രപരമായ പ്രാധാന്യമുള്ളതാണ് അനന്തപുരി എഫ്.എമ്മെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ശ്രോതാക്കളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ റേഡിയോ സ്റ്റേഷൻ.
ഒരു വിനോദ മാധ്യമമായി മാത്രമല്ല, മൂല്യവത്തായ വിവരങ്ങൾ, സാംസ്കാരിക സംരക്ഷണം, സാമൂഹിക ഇടപഴകൽ എന്നിവയുടെ ഉറവിടമായും എഫ്.എം പ്രവർത്തിക്കുന്നു.
എഫ്.എം അടച്ചുപൂട്ടുന്നത് നിരവധിപേരുടെ ഉപജീവന മാർഗത്തെ സാരമായി ബാധിക്കും. വർഷങ്ങളായി ഏറെ പേരുടെ ഉപജീവന മാർഗമാണ് ഈ റേഡിയോ സ്റ്റേഷൻ.
വളർന്നുവരുന്ന കലാകാരന്മാർക്കും സംഗീതജ്ഞർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. അത്തരമൊരു സുപ്രധാന പ്ലാറ്റ്ഫോം നഷ്ടപ്പെടുന്നത് കലാകാരന്മാരുടെ വളർച്ചയെ തടസ്സപ്പെടുത്തുമെന്നുംമന്ത്രി കത്തിൽ വ്യക്തമാക്കി.
ചരിത്രപരമായ പ്രാധാന്യവും വലിയ ശ്രോതാക്കളുടെ അടിത്തറയും ഉപജീവനമാർഗത്തിലുള്ള ജീവനക്കാരുടെ പ്രതിസന്ധിയും കണക്കിലെടുത്ത്, അനന്തപുരി എഫ്.എം നിർത്താനുള്ള തീരുമാനം പിൻവലിക്കാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.