ഉരുൾപൊട്ടൽ ദുരന്തം, ഇർഷൽവാഡിയിൽ രക്ഷാപ്രവർത്തനം നിർത്തിവച്ചതായി എൻ.ഡി.ആർ.എഫ്
മുംബൈ: മഹാരാഷ്ട്രയിലെ ഉരുൾപൊട്ടൽ ഉണ്ടായ റായ്ഗഡിലെ ഇർഷൽവാഡിയിൽ രക്ഷാപ്രവർത്തനം നിർത്തിവച്ചതായി ദേശീയ ദുരന്ത നിവാരണ സേന(എൻ.ഡി.ആർ.എഫ്) അറിയിച്ചു.
27 മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തെങ്കിലും 57 പേരെ ഇനിയും കണ്ടെത്താനായില്ല. ശനിയാഴ്ച കണ്ടെടുത്ത അവസാനത്തെ മൃതദേഹം മോശം അവസ്ഥയിലായിരുന്നുവെന്ന് റായ്ഗഡ് മന്ത്രി ഉദയ് സാമന്ത് മാധ്യമങ്ങളോട് പറഞ്ഞു.
മണ്ണിടിച്ചിലിന് ശേഷമുള്ള 96 മണിക്കൂറിനുള്ളിൽ അഞ്ച് മുതൽ പത്ത് അടി വരെയുള്ള മണ്ണിനടിയിൽ ആണ് ആളുകൾ അകപ്പെട്ടതെന്നു റായ്ഗഡ് കളക്ടർ യോഗേഷ് മാസെ പറഞ്ഞു.
ശനിയാഴ്ച കണ്ടെടുത്ത അവസാനത്തെ മൃതദേഹം വളരെ ജീർണിച്ച നിലയിലായിരുന്നു, അഴുകിയ ശരീരഭാഗങ്ങൾ ആണ് കണ്ടെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ ഇനി ആരെയും ജീവനോടെ കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഞങ്ങൾ ഒരു മീറ്റിംഗ് നടത്തി ഞായറാഴ്ച വൈകുന്നേരം മുതൽ ഓപ്പറേഷൻ നിർത്താൻ തീരുമാനമെടുത്തു.
മരിച്ചയാളുടെ ബന്ധുക്കൾക്ക് പോലും തങ്ങളുടെ പ്രിയപ്പെട്ടവരെ ഇത്തരത്തിൽ വികൃതമായ അവസ്ഥയിൽ കാണുന്നത് സഹിക്കാൻ കഴിയുന്നില്ല.
സ്ഥലത്ത് മനുഷ്യരെ കൂടാതെ ഒരുപാട് കന്നുകാലികളുടെയും അവശിഷ്ടങ്ങളുണ്ടെന്ന് മാസെ പറഞ്ഞു. മരിച്ചവരുടെ 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും 144 പേർ സുരക്ഷിതരാണെന്ന് കണ്ടെത്തിയതായും കളക്ടർ പറഞ്ഞു.
57 പേരെ കാണാതായതായി പ്രഖ്യാപിച്ചു. നഷ്ടപരിഹാരമായി ഇവരുടെ ബന്ധുക്കൾക്ക് എത്ര തുക ലഭിക്കുമെന്ന ചോദ്യത്തിന്, അന്തിമ നടപടിക്രമങ്ങൾക്ക് മുമ്പായി നിയമപരമായ വ്യവസ്ഥകൾ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.