ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞു
കോട്ടയം: ജമ്മനാടിനു വിടചെല്ലി പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. വിലാപഗാനത്തിൻറെ അകമ്പടിയോടെ, ജനസഞ്ചയത്തിൻറെ സ്നേഹപുതപ്പിനു നടുവിലൂടെ ഭൗതിക മൃതദേഹം വഹിച്ച ആംബുലൻസ് സെൻറ്.ജോർജ് വലിയ പള്ളിയിലേക്കെത്തി.
പരിശുദ്ധ ബസേലിയോട് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. 20 മെത്രാപ്പൊലീത്തമാരും 1000 പുരോഹിതൻമാരും സഹകാർമികരായി.
കർദിനാൾ മാർ ആലഞ്ചേരിയും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പള്ളിയിലെത്തി.
സങ്കടവും, വേദനയുമായി വന്ന്, സ്നേഹവും, കരുതലും, പ്രശ്നപരിഹാരവുമായി അനേകർ മടങ്ങിയ പുതുപ്പള്ളിയിലെ തറവാട്ടുവീട്ടിലെ ദർശനത്തിനു ശേഷം പഞ്ചായത്തിന് സമീപത്തെ പണിതീരാത്ത വീടിനുമുന്നിലും അൽപനേരം വിശ്രമിച്ച ശേഷമാണ് ഭൗതീകശരീരം പള്ളിയിലേക്കെത്തിച്ചത്.
ഔദ്യോഗിക ബഹുമതി വേണ്ടെന്ന അദ്ദേഹത്തിൻറെ ആവശ്യപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ബുധനാഴ്ച രാവിലെ ഏഴേകാലോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും പുറപ്പെട്ട വിലാപയാത്ര, പാതയോരങ്ങളിലേക്ക് ജനസഹസ്രങ്ങൾ ഒഴുകിയെത്തിയതതോടെ 28 മണിക്കൂറിന് ശേഷം രാവിലെ 11 മണിയോടെയാണ് തിരുനക്കരയിൽ എത്തിയത്.
ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ ജനങ്ങളാൽ ചുറ്റപ്പെട്ട്, ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടിക്ക് വിടനൽകാൻ എംസി റോഡിന് ഇരുവശവും ജനസാഗരം മണിക്കൂറുകളോളം വിശ്രമമറിയാതെ കാത്തുനിന്നത് മൂലം പലേടത്തും വിലാപയാത്ര തടസപ്പെട്ടതും ചടങ്ങുകൾ വൈകിച്ചു.
തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷം ആറുമണിയോടെയാണ് കാരോട്ട് വള്ളക്കാലിയെന്ന തറവാട്ട് വീട്ടിലേക്ക് മൃതദേഹമെത്തിച്ചത്. പിന്നീട് ഉമ്മൻ ചാണ്ടി നിർമിക്കുന്ന പണിതീരാത്ത വീട്ടിലും പൊതുദർശനത്തിന് ശേഷം എട്ടരയോടെ പുതുപ്പളളി പള്ളിയിലേക്ക്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ സിനിമാ താരങ്ങളും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും തിരുനക്കരയിലും പുതുപ്പള്ളിയിലുമെത്തി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും കോൺഗ്രസ് എംപിമാർ എംഎൽഎമാരടക്കം മുതിർന്ന നേതാക്കളും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോടൊപ്പം തലസ്ഥാനത്ത് നിന്നും അദ്ദേഹത്തിൻറെ ഭൗതികദേഹത്തിനൊപ്പം സെമിത്തേരിയിൽ വരെ അനുഗമിച്ചിരുന്നു.
തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂർ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേർന്നത് 28 മണിക്കൂറോളം പിന്നിട്ടാണ്. ജനങ്ങൾക്കിടയിൽ ജീവിച്ച ജനങ്ങളുടെ സ്വന്തം നേതാവിന് ജനങ്ങൾ നൽകിയ ബഹുമതിയാണ് വൈകാരികമായ ഈ യാത്രയയപ്പ്.
ഇത് ചരിത്രത്തിൻറെ താളുകളിൽ ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നതിനെ അടയാളപ്പെടുത്തുന്നു. കണ്ണീർകടലായി മാറിയ കോട്ടയവും പുതുപ്പള്ളിയും അദ്ദേഹമെന്ന ഭരണാധികാരിയുടെ മേന്മയേയും വരച്ചുകാട്ടുന്നു.