വിലാപയാത്ര തിരുനക്കരയിൽ എത്തി
കോട്ടയം: പതിനായിരങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിലെത്തി. കോട്ടയത്തിന്റെ മണ്ണില്‍ തിരുനക്കരയില്‍ വിലാപയാത്ര എത്തിയപ്പോള്‍ സമയം രാവിലെ 11 മണി കഴിഞ്ഞിരുന്നു.28 മണിക്കൂറെടുത്താണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം നിരവധി പേരാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്.
12 മണിക്കൂര്‍ കൊണ്ട് തിരുനക്കരയുടെ മണ്ണിലെത്താമെന്ന് കണക്കുകൂട്ടിയ യാത്ര വഴിനീളെയുണ്ടായ ജനപ്രവാഹത്താല്‍ പിന്നേയും സാവധാനത്തിലായിനിര്ണായക രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് വേദിയായിട്ടുള്ള കോട്ടയം തിരുനക്കര മൈതാനം വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ മുന്നെ ജനനിബിഡമായിരുന്നു.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളും ചലച്ചിത്ര താരങ്ങളും സമുദായനേതാക്കളും അടക്കം വന്‍ജനാവലിയാണ് തിരുനക്കരയിലുള്ളത്. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും.തലസ്ഥാനജില്ല കടക്കാന്‍ എട്ടു മണിക്കൂറെടുത്തു.
കൊല്ലം ജില്ലാ അതിര്‍ത്തിയായ നിലമേലില്‍ പകല്‍ മൂന്നിനാണ് എത്തിയത്. കുളക്കട, കൊട്ടാരക്കര,ഏനാത്തു വഴി രാത്രി വൈകി പത്തനംതിട്ട ജില്ലയിലേക്ക് കടന്നു. കുടുംബാംഗങ്ങള്‍, മന്ത്രി വി എന്‍ വാസവന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ വിലാപയാത്രയെ അനുഗമിച്ചു.
സംസ്കാരം ഇന്ന് പകല്‍ 3.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പ്രത്യേകമൊരുക്കിയ കബറിടത്തില്‍ നടക്കും. സംസ്കാരശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ പ്രധാന കാര്‍മികത്വം വഹിക്കും.
സംസ്കാരദിനമായ വ്യാഴാഴ്ചകൂടി സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം തുടരും. കുടുംബത്തിന്റെ താല്‍പ്പര്യപ്രകാരം സംസ്കാരച്ചടങ്ങില്‍നിന്ന് ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി. പുതുപ്പള്ളിയില്‍ സുരക്ഷാസന്നാഹം വര്‍ധിപ്പിച്ചിട്ടുണ്ട്.