പാർലമെൻറ് സമ്മേളനം ഇന്ന് തുടങ്ങും
ന്യൂഡൽഹി: പാർലമെൻറിൻറെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങും. ഓഗസ്റ്റ് 11വരെ നീളുന്ന സമ്മേളനത്തിൽ 32 ബില്ലുകളാണു സഭയുടെ പരിഗണനയ്ക്കെത്തുന്നത്.
സിനിമകളുടെ വ്യാജ പതിപ്പുകൾക്കു തടയിടാനും ചിത്രങ്ങളെ പ്രായത്തിൻറെ അടിസ്ഥാനത്തിൽ വ്യത്യസ്ത കാറ്റഗറികളിലാക്കുന്ന സെൻസർ സർട്ടിഫിക്കെറ്റ് ഏർപ്പെടുത്താനുമുളളതടക്കം സുപ്രധാന ബില്ലുകൾ ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ, ഡൽഹിയിലെ അധികാരത്തർക്കം സംബന്ധിച്ച ഓർഡിനൻസിനു പകരമുളള ബില്ലാകും സഭയിൽ ശ്രദ്ധകേന്ദ്രമാകുക. ബില്ലിനെ കോൺഗ്രസ് നേതൃത്വത്തിൽ 26 പാർട്ടികൾ ഉൾപ്പെട്ട പ്രതിപക്ഷ സഖ്യം എതിർക്കും.
160ലേറെ പേരുടെ ജീവനെടുത്ത മണിപ്പുർ കലാപമാണു സമ്മേളനത്തിൽ ചർച്ചയാകുന്ന മറ്റൊരു വിഷയം. ഇക്കാര്യത്തിൽ ചർച്ച വേണമെന്ന കോൺഗ്രസിൻറെ ആവശ്യത്തോട് ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ സർക്കാർ തയാറാണെന്നാണ് പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്.
അതേസമയം, സഭ ശരിയായി നടത്തിക്കൊണ്ടു പോകണമെങ്കിൽ പ്രതിപക്ഷത്തിന് വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്നു ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. മണിപ്പുർ വിഷയം ചർച്ച ചെയ്യണമെന്നും ഇതേവരെ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പ്രതികരിക്കണമെന്നും ചൗധരി.
ബാംഗ്ലൂരിൽ ചൊവ്വാഴ്ച രൂപീകരിച്ച പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ എംപിമാർ ഇന്നു രാവിലെ യോഗം ചേർന്ന് സഭയിൽ പൊതുവായി സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. വിവിധ വിഷയങ്ങളിൽ നിലവിൽ വ്യത്യസ്ത അഭിപ്രമായമാണു സഖ്യത്തിലെ കക്ഷികൾക്ക്.
ഈ സാഹചര്യത്തിലാണു പൊതുനിലപാടിന് ശ്രമം. എന്നാൽ, ഇരു സഖ്യങ്ങളിലുമില്ലാത്ത ബി.ജെ.ഡി, വൈഎസ്ആർ കോൺഗ്രസ്, ബി.ആർ.എസ് കക്ഷികൾ പാർലമെൻറിലും നിയമസഭകളിലും വനിതാ സംവരണത്തിന് ബിൽ കൊണ്ടുവരണമെന്ന ആവശ്യമാണു സർവകക്ഷി യോഗത്തിൽ ഉയർത്തിയത്.