മുംബൈയിൽ 264 ഡെങ്കിപ്പനി കേസുകൾ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തു
മുംബൈ: 15 ദിവസത്തിനുള്ളിൽ 264 ഡെങ്കിപ്പനി കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 1 നും 16 നും ഇടയിലാണ്, നഗരത്തിൽ 264 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചത്.
അതേസമയം ജൂണിൽ രേഖപ്പെടുത്തിയത് മൊത്തം 352 കേസുകൾ ആയിരുന്നു. സിവിൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് നൽകിയ കണക്കുകൾ പ്രകാരം, 264 കേസുകളിൽ 173 എണ്ണം ജൂലൈ 9 നും 16 നുമാണ് റിപ്പോർട്ട് ചെയ്തത്.
ബാക്കി 91 കേസുകൾ ജൂലൈയിലെ ആദ്യ 8 ദിവസങ്ങളിലും പുറത്തുവന്നതാണ്. കൂടാതെ, മലേറിയ, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, പന്നിപ്പനി രോഗികളുടെ എണ്ണത്തിലും രണ്ടാഴ്ചയ്ക്കുള്ളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഉടനീളം ജലജന്യ രോഗങ്ങളും പകർച്ച പനികളും വർധിച്ചു വരികയാണെന്നു സംസ്ഥാന ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞു.
ചില രോഗികളിൽ ഡെങ്കിപ്പനിയും മലേറിയയും ഒരുമിച്ച് ബാധിച്ച സംഭവങ്ങളുണ്ട്. ആശുപത്രിയിലെ നിരക്ക് ഇപ്പോഴും കുറവാണ്. നിലവിൽ, ഫിസിഷ്യൻമാർ അവരുടെ ഔട്ട്പേഷ്യൻറ് വിഭാഗങ്ങളിൽ പ്രതിദിനം 10-20 ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെ ചികിത്സിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ, പൂനെ ചാപ്റ്റർ ചെയർമാൻ ഡോ.സഞ്ജയ് പാട്ടീൽ, ഡെങ്കിപ്പനിയുടെ കണക്കുകൾ മുൻസിപ്പാലിറ്റി ഡാറ്റയേക്കാൾ കൂടുതലാണെന്ന് സംശയിക്കുന്നു.
ചിക്കുൻഗുനിയ കേസുകൾ കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു, മൺസൂൺ കാലത്ത് മലേറിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പനികളുടെ എണ്ണം വർധിക്കാറുണ്ട്. പക്ഷേ ഈ വർഷം ഇത് കൂടുതൽ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മിക്ക രോഗികൾക്കും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, ചിലർക്ക് കടുത്ത മഞ്ഞപ്പിത്തം, വൃക്കസംബന്ധമായ മറ്റു ബുദ്ധിമുട്ടുകൾ, രക്തസ്രാവം, എന്നിവയും ഉണ്ടാകാറുണ്ട്.