ഉമ്മൻ ചാണ്ടിക്ക് വിട
ബാംഗ്ലൂർ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 79 വയസായിരുന്നു.
ഭാര്യ കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ, മറിയം ഉമ്മൻ. പുതുപ്പള്ളി വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943ലാണ് ജനനം. പഠനകാലത്ത് അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് കെ എസ് യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു.
1970 ൽ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്കെത്തി. അന്നുമുതൽ 2021 വരെ തുടർച്ചയായി പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.
മൃതദേഹം ഉച്ചയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ പുതുപ്പള്ളിയിൽ സംസ്കരിക്കുമെന്ന് കുടുംബവുമായുള്ള കൂടിയാലോചനകൾക്ക് ശേഷം കോൺഗ്രസ് നേതൃത്വം അറിയിച്ചു. ബാംഗ്ലൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും.
അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുവരും. പിന്നീട് സെക്രട്ടറിയറ്റിലെ ദർബാർഹാളിൽ പൊതുദർശനത്തിന് വയ്ക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇന്ന് വൈകീട്ട് ഭൗതികശരീരം പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും.
തിരികെ ഇന്ദിരാഭവനിൽ കൊണ്ടുവന്ന് പൊതുജനങ്ങൾക്ക് കാണുന്നതിനായി സൗകര്യമൊരുക്കും. അവിടെ നിന്നും രാത്രിയോടെ പുതുപ്പള്ളി ഹൗസിലേക്ക് തന്നെ മൃതദേഹം എത്തിക്കും. ബുധനാഴ്ച പുലർച്ചെയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ബാങ്കുകൾക്കും ഇന്ന് അവധി. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയാണ്.
മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു.
കേരളസർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, കലിക്കറ്റ് സർവകലാശാല, സാങ്കേതിക സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല.