ബി.ജെ.പിക്കെതിരെ പ്രതിപക്ഷം, രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും
ബാംഗ്ലൂർ: ഞങ്ങളൊരുമിച്ചെന്ന മുദ്രാവാക്യവുമായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ഒന്നിക്കുന്ന രണ്ടാം സമ്മേളനതിന് ബാംഗ്ലൂരിൽ ഇന്ന് തുടക്കമാവും. ഇന്നും നാളെയുമായാണ് യോഗം ചേരുക. 24 പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും.
ഡൽഹി ഓർഡിനൻസിനെ എതിർക്കുമെന്ന് വ്യക്തമാക്കിയതോടെ എ.എ.പിയും യോഗത്തിനെത്തും. വൈകിട്ട് 6 മുതൽ 8 മണിവരെയാണ് യോഗം ചേരുക.
ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നൽകുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജന കാര്യത്തിലും പ്രാഥമിക ചർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏക സിവിൽ കോഡ്, എൻസിപിയിലെ പിളർപ്പ് തുടങ്ങിയ വിഷയങ്ങളിൽ എടുക്കേണ്ട നിലപാടിൽ യോഗത്തിൽ ചർച്ചയാവും.
നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കൾ സംയുക്തമായി വാർത്താസമ്മേളനം നടത്തും. ഇന്ന് ഉച്ചയോടെ മമതാ ബാനർജി, നിതീഷ് കുമാർ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം കെ സ്റ്റാലിൻ എന്നിവരടക്കമുള്ള നേതാക്കൾ ബെംഗളുരുവിൽ എത്തും.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അടക്കമുള്ള നേതാക്കൾ രാവിലെ തന്നെ എത്തും. അതേസമയം, സമ്മേളനത്തിൻറെ ആദ്യ ദിനമായ ഇന്ന് എൻ.സി.പി സ്ഥാപക നേതാവ് ശരദ് പവാർ പങ്കെടുക്കില്ലെന്ന് പാർട്ടി വക്താവ് അറിയിച്ചു. പങ്കെടുക്കാത്തതിൻറെ കാരണം വ്യക്തമല്ല.
പകരം ശരദ് പവാറിൻറെ മകളും എൻ.സി.പി വർക്കിംഗ് പ്രസിഡൻറുമായ സുപ്രിയ സുലെ സമ്മേളനത്തിൽ പങ്കെടുക്കും. രണ്ടാം ദിനമായ ചൊവ്വാഴ്ച പവാർ എത്തിയേക്കുമെന്നാണ് വിവരം. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഒരു ബദൽ ഐക്യം ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് പ്രതിപക്ഷ മുന്നണി രൂപീകരിക്കുന്നത്. രണ്ടാം തവണയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നത്. ജൂൺ 23 നേ പാട്നയിലായിരുന്നു ആദ്യയോഗം.