ബി.ജെ.പിക്കെതിരെ 8 പ്രതിപക്ഷ പാർട്ടികൾ ഒത്തുചേരും
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാൻ വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ അപകടത്തിലാക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാൻ കൂടുതൽ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. 17നും 18നും ബാംഗ്ലൂരിൽ ചേരുന്ന പ്രതിപക്ഷ സംയുക്ത കൂട്ടായ്മയുടെ രണ്ടാം യോഗത്തിൽ 24 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തേക്കും.
പുതുതായി എട്ട് പാർട്ടികൾ അണിനിരക്കും. ബീഹാറിലെ പട്നയിലാണ് പ്രതിപക്ഷക്കൂട്ടായ്മ ആദ്യയോഗം ചേർന്നത്. എം.ഡി.എം.കെ, കെ.ഡി.എം.കെ, വി.സി.കെ, ആർ.എസ്.പി, ഫോർവേഡ്ബ്ലോക്ക്, മുസ്ലിംലീഗ്, കേരള കോൺഗ്രസ്(ജോസഫ്), കേരള കോൺഗ്രസ്(മാണി) തുടങ്ങിയ പാർട്ടികൾകൂടി പ്രതിപക്ഷക്കൂട്ടായ്മയിൽ അംഗങ്ങളാകും.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.ഡി.എം.കെയും കെ.ഡി.എം.കെയും ബി.ജെ.പി സഖ്യകക്ഷികളായിരുന്നു.കോൺഗ്രസ് പാർലമെന്ററി പാർടി അധ്യക്ഷ സോണിയ ഗാന്ധി ബംഗളൂരു യോഗത്തിൽ പങ്കെടുക്കും. ഏക സിവിൽ കോഡ് ഉൾപ്പെടെ ധ്രുവീകരണം ശക്തമാക്കാൻ സംഘപരിവാറും ബിജെപിയും നടത്തുന്ന നീക്കങ്ങൾ യോഗം വിശകലനം ചെയ്യും.
യോഗത്തിനു മുന്നോടിയായി സോണിയ ഗാന്ധിയുടെ ആതിഥേയത്വത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് അത്താഴവിരുന്നും നടത്തും. അത്താഴത്തിനും യോഗത്തിനും പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് കത്തയച്ചു.
പട്ന യോഗത്തിന്റെ വിജയത്തിനുശേഷം കൂടുതൽ വിഷയങ്ങൾ ചർച്ച ചെയ്യാൻ ജൂലൈയിൽ വീണ്ടും ഒത്തുചേരാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ എല്ലാ നേതാക്കളും ബാംഗ്ലൂർ യോഗത്തിൽ പങ്കെടുക്കണമെന്ന് ഖാർഗെ കത്തിൽ അഭ്യർഥിച്ചു. ബാംഗ്ലൂർ യോഗത്തിൽ പങ്കെടുക്കുമെന്ന് അസുഖബാധിതനായ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് അറിയിച്ചു.
പട്നയിൽ ജൂൺ 23ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷക്കൂട്ടായ്മയുടെ ആദ്യയോഗത്തിൽ 16 പാർട്ടികൾ പങ്കെടുത്തിരുന്നു. ആദ്യ പ്രതിപക്ഷയോഗത്തിനുശേഷം മഹാരാഷ്ട്രയിൽ എൻ.സി.പിയിൽ ഉണ്ടായ അപ്രതീക്ഷിത പിളർപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷക്കൂട്ടായ്മ പരിശോധിക്കും.