അടുത്ത 3 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പുതിയ അറിയിപ്പു പ്രകാരം കേരളത്തിൽ അടുത്ത 3 ദിവസം കൂടി മഴ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലാക്രമണം ഉണ്ടാകാൻ ഇടയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത നിർദേശം നൽകി.
കേരള തീരത്ത് 12-07-2023 വൈകിട്ട് 05.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻറെ വേഗത സെക്കൻഡിൽ 15 cm നും 40 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും വ്യാഴാഴ്ച്ച ആറ് ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 3 ദിവസത്തെ മഴ മുന്നറിയിപ്പുകൾ; 12-07-2023: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
13-07-2023: എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
14-07-2023: ഇടുക്കി, കണ്ണൂർ, കാസർഗോഡ്
അതേസമയം, ഇന്ന് 3 ജില്ലകളിലെ വിവിധ ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളെജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.