നാറ്റോ ഉച്ചകോടി; പ്രധാന അജൻഡ ഉക്രയ്ൻ തന്നെയായിരിക്കുമെന്ന് സെക്രട്ടറി ജനറൽ
വിൽനിയസ്: ലിത്വാനിയ തലസ്ഥാനം വിൽനിയസിൽ ചൊവ്വാഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രധാന അജൻഡ ഉക്രയ്ൻ തന്നെയായിരിക്കുമെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്. ഉക്രയ്ന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന സഹായ പാക്കേജ് അനുവദിക്കുന്നതിൽ അന്തിമരൂപമായേക്കും.
നാറ്റോ–- ഉക്രയ്ൻ കൗൺസിലിനെ ശക്തിപ്പെടുത്തും. ഭാവിയിൽ ഉക്രയ്ന് അംഗത്വം കൊടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും–-സ്റ്റോൾട്ടൻബർഗ് പ്രാരംഭ പ്രസ്താവനയിൽ പറഞ്ഞു.ലിത്വാന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.
അംഗമെന്ന നിലയിൽ ഫിൻലൻഡിന്റെ ആദ്യ ഉച്ചകോടിയാണിത്. ഒപ്പം അംഗത്വ അപേക്ഷ നൽകിയ സ്വീഡനും ഉടൻ അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റോൾട്ടൻബർഗ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ പ്രതിനിധികൾ എന്നിവരുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും.
അതേസമയം, ഉക്രയ്ന് അംഗത്വം നൽകുന്ന വിഷയത്തിൽ സമവായം ആയിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതിന് 31 അംഗങ്ങളുടെയും അംഗീകാരം വേണം. ഏതെങ്കിലും നാറ്റോ അംഗരാജ്യത്തിന് എതിരായുള്ള ആക്രമണം സഖ്യത്തിനുതന്നെ എതിരായതായി കണക്കാക്കുമെന്നാണ് നാറ്റോ ധാരണ.
ഉക്രയ്ന് ഇപ്പോൾ അംഗത്വം നൽകിയാൽ യുദ്ധം റഷ്യയും നാറ്റോയും തമ്മിലായി മാറുമെന്നും ഇത് അഭികാമ്യമല്ലെന്നുമാണ് അംഗങ്ങളുടെ അഭിപ്രായം. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ബ്രിട്ടൻ സന്ദർശിച്ച ബൈഡൻ, പ്രധാനമന്ത്രി ഋഷി സുനകുമായി ചർച്ച നടത്തി. വിൻഡ്സർ കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമനുമായും കൂടിക്കാഴ്ച നടത്തി.