മൽമാസ് മേള; പോസ്റ്ററുകളിൽ തേജസ്വി യാദവിന്റെ ചിത്രമില്ല
പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മണ്ഡലമായ നളന്ദയിൽ മൽമാസ് മേളയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയാണ്.
ഇതിനിടയിൽ, മേള സന്ദർശിക്കാനെത്തുന്നവരെ സ്വാഗതം ചെയ്യാൻ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരുന്ന പോസ്റ്ററുകളിലും ഹോർഡിങ്ങുകളിലുമൊന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ചിത്രമില്ലെന്നത് വിവാദത്തിൽ ആയിരിക്കുകയാണ്.
നിതീഷിന്റെ ചിത്രം മാത്രം പോസ്റ്ററിൽ വച്ചത്, ഭരണമുന്നണിയിൽ പുകയുന്ന അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണെന്ന് സംശയമുയരുന്നു. ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷമെന്ന ആശയം തന്നെ പ്രായോഗിക തലത്തിൽ ആദ്യത്തെ ചുവടു വച്ചത് നിതീഷിന്റെ ജെ.ഡി.യുവും തേജസ്വിയുടെ ആർ.ജെ.ഡിയും ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ചതോടെയായിരുന്നു.
ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിവച്ചതും, ആദ്യത്തെ വിശാല പ്രതിപക്ഷ യോഗത്തിന് ആതിഥ്യം വഹിച്ചതും ഇവർ ഇരുവരും ചേർന്നാണ്. അതിനാൽ തന്നെ ഈ സഖ്യത്തിലുണ്ടാകുന്ന ഏതു വിള്ളലും അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സാധ്യതകളെ ബാധിക്കുമെന്നുറപ്പ്.
റെയിൽവേ ജോലി തട്ടിപ്പ് കേസിൽ തേജസ്വിക്കെതിരേ സിബിഐ കുറ്റപത്രം തയാറാക്കിയതോടെയാണ് ഇരുനേതാക്കളും തമ്മിൽ അകന്നു തുടങ്ങിയതെന്നാണ് സൂചന.
2017ൽ മറ്റൊരു കേസിൽ തേജസ്വിയുടെ പേര് പരാമർശിക്കപ്പെട്ടതോടെ നിതീഷ് അന്ന് ആർജെഡി സഖ്യം വിട്ട് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ, പുതിയ കേസിന്റെ കാര്യത്തിൽ നിതീഷ് പരസ്യ പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല. എന്നുമാത്രമല്ല, ജെഡിയു നേതാക്കളായ ലാലൻ സിങ്ങും വിജയ് കുമാറും തേജസ്വിക്കു പിന്തുണയുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
പോസ്റ്ററിൽ തേജസ്വിയുടെ ചിത്രമില്ലാത്തത് കാര്യമാക്കുന്നില്ലെന്നാണ് ആർജെഡി വക്താവ് ശക്തി സിങ്ങ് യാദവ് പ്രതികരിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ ചിത്രം മാത്രമേ ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ആരോടും വിവേചനമില്ലെന്നും, സംസ്ഥാന സർക്കാരിന്റെ തലവനെന്ന നിലയിലാണ് അദ്ദേഹത്തിന്റെ മാത്രം ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ജെ.ഡി.യു നേതാവ് രജിബ് രഞ്ജനും പറഞ്ഞു.