അദ്ഭുതപ്രതിഭാസമായി നക്ഷത്രങ്ങള്‍ കൂട്ടിയിടിക്കും
ഇന്നേവരെ ലോകത്ത് ഒരാളു പോലും കണ്ടിട്ടില്ലാത്ത കാഴ്ച കാണാന്‍ ഇനി ഏതാനും വര്‍ഷം കൂടിയേ കാത്തിരിക്കേണ്ടി വരികയുള്ളു എന്ന് ശാസ്ത്രജ്ഞന്മാര്. ബഹിരാകാശത്ത് രണ്ടു നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അദ്ഭുതപ്രതിഭാസത്തിനാണ് നമ്മള് സാക്ഷികളാവുക. നിഗമനങ്ങളെല്ലാം കൃത്യമായാല്‍ 2022ല്‍ ഇത് സംഭവിക്കുമെന്ന് ഗവേഷകര്‍ അറിയിച്ചു. 2021, 2022, 2023 എന്നീവര്ഷങ്ങളാണ് ഇതിനു കൂടുതല്‍ സാധ്യത എങ്കിലും 2022ല്‍ ഇതു സംഭവിക്കുമെന്ന നിഗമനത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വരുംനാളുകളിലെ നിരീക്ഷണങ്ങള്‍ കൂടിയാകുന്നതോടെ കൃത്യമായ ദിവസം പ്രവചിക്കാനാകുമെന്നും ഇവര്‍ പറയുന്നു.
ഇതാദ്യമായാണ് രണ്ടു നക്ഷത്രങ്ങളുടെ കൂട്ടിമുട്ടലിന്റെ കൃത്യമായ സമയം ഗണിച്ചെടുക്കാനുള്ള അവസരം ലോകത്തിനു മുന്നില്‍ തുറന്നുകിട്ടുന്നത്. മിഷിഗണിലെ കാല്വിന് കോളജിലെ അസ്ട്രോണമി പ്രഫസര്‍ ലാറി മോല്നറിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കെഐസി 9832227 എന്നു പേരിട്ടിരിക്കുന്ന ബൈനറി നക്ഷത്രം 2022ല്‍ കൂട്ടിമുട്ടുമെന്നാണ് നിഗമനം. ഒരു നിശ്ചിത ഗുരുത്വകേന്ദ്രത്തിനു ചുറ്റുമായി കറങ്ങുന്ന രണ്ട് നക്ഷത്രങ്ങളുടെ കൂട്ടമാണ് ബൈനറി സ്റ്റാര്‍ എന്നറിയപ്പെടുന്നത്. ഇവ പരസ്പരം ഭ്രമണം ചെയ്തു കൊണ്ടേയിരിക്കും. കൂട്ടത്തില്‍ തിളക്കം കൂടിയ നക്ഷത്രത്തെ പ്രൈമറി സ്റ്റാര്‍ എന്നും രണ്ടാമത്തെ നക്ഷത്രത്തെ സെക്കന്ററി അല്ലെങ്കില്‍ കംപാനിയന് സ്റ്റാര്‍ എന്നും വിളിക്കുന്നു. രണ്ട് നക്ഷത്രങ്ങളും പരസ്പരം ഭ്രമണം ചെയ്യുന്നതിന്റെ സമയം ക്രമേണ കുറഞ്ഞു വരും. അടുത്തേക്ക് എത്തുന്നതിനൊടുവില് ഗുരുത്വാകര്ഷണബലത്തിലുണ്ടാകുന്ന വ്യതിചലനങ്ങള്‍ വഴി കൂട്ടിമുട്ടും. പുറമേ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായും ഇത് സംഭവിക്കാറുണ്ട്.
ഇത്തരത്തില്‍ കൂടിച്ചേരല്‍ നടക്കുമ്പോള്‍ ചെറിയ നക്ഷത്രത്തില്‍ നിന്നുള്ള ദ്രവ്യം വലിയ നക്ഷത്രം ആഗിരണം ചെയ്യും. അതുവഴി പുതിയൊരു വമ്പന്‍ നക്ഷത്രവും രൂപംകൊള്ളും. മാത്രവുമല്ല വന്‍ പ്രകാശ വിന്യാസവും സംഭവിക്കും. ‘റെഡ് നോവ’ എന്ന പേരിലാണ് ഇതറിയപ്പെടുക. 2008ല്‍ ഇത്തരമൊരു ബൈനറി ‘നക്ഷത്രക്കൂട്ടിയിടി’ നടന്നിരുന്നു. അന്നുപക്ഷേ അപ്രതീക്ഷിതമായിരുന്നു റെഡ് നോവ രൂപപ്പെട്ടത്. വി1309 സ്കോര്പി എന്ന ബൈനറി സ്റ്റാര്‍ പരസ്പരം ഭ്രമണം പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം അപ്രതീക്ഷിതമായി കുറഞ്ഞു വരികയായിരുന്നു. വൈകാതെ തന്നെ നക്ഷത്രങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തു. അന്നത്തെ ഭ്രമണത്തിന്റെ അതേ പാറ്റേണ്‍ തന്നെയാണ് കെഐസി 9832227ലും പ്രയോഗിച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 1800 പ്രകാശ വര്‍ഷം അകലെയുള്ള ഈ നക്ഷത്രത്തെ ഇത്തരത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഗവേഷകര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിലവിലുള്ള പ്രകാശത്തേക്കാള്‍ പതിനായിരം മടങ്ങ് തീവ്രതയുള്ളതായിരിക്കും കൂട്ടിയിടി വഴിയുണ്ടാകുന്ന ‘റെഡ് നോവ’.
സാധാരണക്കാര്‍ക്ക് വാനനിരീക്ഷണം സംബന്ധിച്ച് അല്പം ജ്ഞാനമുണ്ടെങ്കില്‍ ഇതെങ്ങനെ അനുഭവപ്പെടുമെന്നതും ഗവേഷകര്‍ വിശദീകരിക്കുന്നു: ‘ആകാശത്തേക്ക് നോക്കിയിരിക്കുക. സിഗ്നസ് നക്ഷത്രസമൂഹത്തിലാണ് കെഐസി 9832227ബൈനറി സ്റ്റാറുകളുടെ സ്ഥാനം. കൂട്ടിയിടി നടക്കുമെന്നു പറഞ്ഞ സമയത്ത് സിഗ്നസില് ഒരു പ്രത്യേകസ്ഥാനത്ത് വെളിച്ചത്തിന്റെ ഒരു പൊട്ടിത്തെറി കാണാം’ഗവേഷകരെ ഉദ്ധരിച്ച് ‘ദ് ഡെയ്ലി മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സാധാരണ ടെലസ്കോപ് ഉപയോഗിച്ച് അമേച്വര്‍ വാനനിരീക്ഷകരോടുള്പ്പെടെ ഈ ബൈനറി നക്ഷത്രത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കാന് ആവശ്യപ്പെടുകയാണ് പ്രഫസര്‍ ലാറി മോല്‍നര്‍. എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ അറിയിക്കാനും.
അതേസമയം പ്രഫസറും വിദ്യാര്‍ഥികളും വെറുതെയിരിക്കുകയല്ല. ന്യൂമെക്സിക്കോയ്ക്കടുത്തുള്ള വെരി ലാര്‍ജ് എറേ(വിഎല്‍എ) ടെലസ്കോപ്പുകളും ഹവായിയിലുള്ള നാസയുടെ ഇന്‍ഫ്രാറെഡ് ടെലസ്കോപ്പ് സൗകര്യവും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ എക്സ്എംഎംന്യൂട്ടണ് എക്സ് റേ സ്പേസ് ടെലസ്കോപ്പും ഉപയോഗപ്പെടുത്തി കെഐസി 9832227യെ നിരീക്ഷിക്കുന്നത് ശക്തമാക്കാനാണ് അവരുടെ തീരുമാനം. എന്തുകൊണ്ടാണ് ബൈനറി നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്നതെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലുള്‍പ്പെടെ ഉത്തരം ലഭിക്കാന്‍ കൂട്ടിയിടി സഹായിക്കും. മാത്രവുമല്ല, മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്കു മുന്നില്‍ ഇതാദ്യമായി പ്രത്യക്ഷപ്പെടുന്ന ‘നക്ഷത്രക്കൂട്ടിയിടി’ പകര്‍ന്നു തരുന്ന അറിവിന്റെ വെളിച്ചം ഒരുപക്ഷേ ‘റെഡ് നോവ’യെക്കാളും അനേകമിരട്ടിയായിരിക്കും.