എൽ നിനോ തുടങ്ങി, വരുംമാസങ്ങളിൽ ചൂട് കുതിച്ചുയരുമെന്ന് യുഎൻ കാലാവസ്ഥാ സംഘടന
ജനീവ: എൽ നിനോ പ്രതിഭാസം തുടങ്ങിയെന്നും വരുംമാസങ്ങളിൽ ചൂട് കുതിച്ചുയരുമെന്നും മുന്നറിയിപ്പ് നൽകി യുഎൻ കാലാവസ്ഥാ സംഘടന. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില വർധിക്കുകയും അതുവഴി സമുദ്രോപരിതലത്തിൽ ചൂട് കൂടുകയും ചെയ്യും.
ആഗോള കാലാവസ്ഥയെത്തന്നെ മാറ്റിമറിക്കും. ലോകമാകമാനം താപനില കുതിച്ചുയരുമെന്നാണ് റിപ്പോർട്ട്.
2016ലായിരുന്നു അവസാനമായി എൽ നിനോ സ്ഥിരീകരിച്ചത്. രേഖപ്പെടുത്തപ്പെട്ട താപനില റെക്കോഡുകളെല്ലാം തകർക്കപ്പെട്ടേക്കും. വരുംമാസങ്ങൾക്കായി സർക്കാരുകൾ കരുതിയിരിക്കണം.
കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യം, പരിതസ്ഥിതി, സാമ്പത്തികരംഗം എന്നിവയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം–യു.എൻ കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറൽ പെട്ടെറി താലസ് പറഞ്ഞു.
സമുദ്രജലത്തിന് ശരാശരിയേക്കാൾ കുറഞ്ഞ താപനിലയുണ്ടാകുന്ന ലാ നിന പ്രതിഭാസം നിലനിൽക്കവെത്തന്നെ ഏറ്റവും ചൂടേറിയ മൂന്നു വർഷമാണ് കടന്നുപോയത്.
ഏഴുവർഷത്തിലൊരിക്കലാണ് സാധാരണ എൽ നിനോ രൂപപ്പെടുക. 2016ലെ റെക്കോഡ് തകർക്കുന്ന താപനിലയായിരിക്കും 2023ലും 2024ലും ഉണ്ടാവുക. 2023ന്റെ രണ്ടാം പാതിയിലും എൽ നിനോ പ്രതിഭാസം തുടരാനാണ് സാധ്യത.
ഓസ്ട്രേലിയ, ഇന്തോനേഷ്യ, തെക്കേഷ്യൻ – മധ്യ അമേരിക്കൻ – തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവയിൽ കടുത്ത വരൾച്ച, ഉഷ്ണതരംഗം, കാട്ടുതീ എന്നിവ ഉണ്ടാകാം. രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ചൂടേറിയ ജൂണാണ് കഴിഞ്ഞുപോയതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.