ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അഹമ്മദാബാദിലെ മൊട്ടേറയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. 700 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും.
മൊട്ടേരയില്‍ നിലവിലുള്ള സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പൊളിച്ചാണ് പുതിയ സ്റ്റേഡിയം പണിയുന്നത്. ഇന്നലെ സ്റ്റേഡിയം പൊളിക്കുന്ന ജോലികള്‍ തുടങ്ങി.പുതിയ സ്റ്റേഡിയത്തില്‍ 110,000 പേര്‍ക്ക് ഇരുന്നു കളി കാണാനുള്ള ഇരിപ്പിടങ്ങള്‍ തയ്യാറാക്കും.
സര്‍ദാര്‍ പട്ടേല്‍ ഗുജറാത്ത് സ്റ്റേഡിയം നിലനിന്ന അതേ സ്ഥാനത്താണു പുതിയ സ്റ്റേഡിയമെന്നും ഇത് ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവയെക്കാള്‍ വലുതായിരിക്കുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് പരിമള്‍ നത്വാനി പറഞ്ഞു. 90,000 പേര്‍ക്ക് ഇരിപ്പിടമുള്ള മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇപ്പോള്‍ ലോകത്തിലുള്ള ഏറ്റവും വലിയ സ്റ്റേഡിയം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായിരുന്ന കാലത്താണ് പുതിയ സ്റ്റേഡിയത്തെക്കുറിച്ചുള്ള ചര്‍ച്ച ഉയന്നുവന്നത്. മൂന്ന് പരിശീലന ഗ്രൗണ്ടുകളും വളര്‍ന്നു വരുന്ന താരങ്ങള്‍ക്കായി ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഇവിടെയുണ്ടാകും.
പ്രമുഖ നിര്‍മാണക്കമ്പനിയായ എല്‍ ആന്‍ഡ് ടിക്കാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണച്ചുമതല. നിലവിലുള്ള സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ 49,000 പേര്‍ക്ക് ഇരുന്നു കളി കാണാനുള്ള സൗകര്യമുണ്ട്. 63 ഏക്കര്‍ വിസ്തൃതിയുള്ള പുതിയ സ്റ്റേഡിയത്തില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യമുണ്ടാകും. ഇവിടെ ഒരേ സമയം 3000 കാറുകളെയും 10,000 ഇരുചക്ര വാഹനങ്ങളെയും ഉള്‍ക്കൊള്ളാനാകും.