വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട; മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരത്തിൽ വ്യാജവാർത്തകൾ കൊടുക്കുന്നത് മീഡിയ ആക്ടിവിസം അല്ല മീഡിയ വാൻഡലിസം ആണ്.
വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ ഹൃദയചികിത്സാ പദ്ധതിയിൽനിന്ന് കോടികൾ ഒഴുകിയത് സ്വകാര്യ ആശുപത്രിയിലേക്കെന്ന വ്യാജവാർത്ത റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. ഞെട്ടിക്കുന്ന വാർത്തയെഎന്ന രീതിയിലാണ് അവതരിപ്പിച്ചത്. ഈ വ്യാജവാർത്തക്കെതിരെ വിശദീകരണവുമായാണ് ആരോഗ്യമന്ത്രി എഫ് ബിയിൽ പോസ്റ്റ് നൽകിയത്.
മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും; പിഞ്ചുകുഞ്ഞുങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാനും ഗുരുതര രോഗാവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുമുള്ള നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ഹൃദ്യം. Congenital heart disease അഥവാ ജന്മനായുള്ള ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കാനുള്ള പദ്ധതിയാണിത്. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ എട്ടോ ഒൻപതോ പേർ ജന്മനാ ഹൃദയ വൈകല്യങ്ങൾ ഉള്ളവരാണ്. ജന്മനായുള്ള ഹൃദ്രോഗങ്ങൾ ചെറിയ ഹൃദയ വൈകല്യങ്ങൾ മുതൽ അത്യന്തം സങ്കീർണമായിട്ടുള്ള രോഗങ്ങൾ വരെയാകാം. ജനിച്ച് മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിലോ ശസ്ത്രക്രിയ നടത്തി പരിഹരിച്ചില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു പോകുന്ന ഗുരുതര രോഗങ്ങളുമുണ്ട്. ശ്വാസതടസം മൂലം അമ്മയുടെ നെഞ്ചിലെ മുലപ്പാൽ പോലും നുകരാൻ കഴിയാതെ മരണത്തിലേക്ക് പോകുന്ന കുഞ്ഞുങ്ങളുമുണ്ട്.
കുട്ടികളിലെ വിവിധ രോഗങ്ങൾ ചികിത്സിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതി താലോലം സംസ്ഥാന സർക്കാർ ആരംഭിക്കുന്നത് 2010ലാണ്. കാൻസർ, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾ സൗജന്യമായി ചികിത്സിക്കുന്നതിനുള്ള പദ്ധതി അന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് നടത്തിയിരുന്നത്. 2014ൽ ആർബിഎസ്കെയിലെ ഘടകം കൂടി ഉപയോഗിച്ച് കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക ചികിത്സാ പരിപാടി ആരംഭിച്ചു. 2017ലാണ് കൂടുതൽ വിപുലമായി ഒരു പ്രത്യേക പദ്ധതിയായി ആസൂത്രണം ചെയ്യപ്പെട്ടതും ഹൃദ്യം ആവിഷ്കരിക്കപ്പെട്ടതും.
പീഡിയാട്രിക് ഹാർട്ട് സർജറി ഏറെ ചെലവ് ആവശ്യമായി വരുന്ന ശസ്ത്രക്രിയയാണ്. കുഞ്ഞുങ്ങളുടെ ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന ശസ്ത്രക്രിയ ഉൾപ്പെടെ എല്ലാ ചികിത്സകളുടെയും തുകകൾ നിശ്ചയിച്ചാണ് ഹൃദ്യം പാക്കേജ് ആവിഷ്കരിച്ചിട്ടുള്ളത്. ഏറ്റവും സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇതിൽ നൽകുന്നത് ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. ആ ശസ്ത്രക്രിയയുടെ യഥാർത്ഥ ചെലവ് മൂന്നുലക്ഷം രൂപ വരെ ആയേക്കാം. പക്ഷേ സർക്കാർ ശസ്ത്രക്രിയയ്ക്ക് പരമാവധി നൽകുക ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. സൗജന്യമായാണ് ഈ ശസ്ത്രക്രിയകൾ കുഞ്ഞുങ്ങൾക്ക് നടത്തപ്പെടുന്നത്. ഒരു കുഞ്ഞിന് ഇന്റർവെൻഷൻ ആവശ്യമായുള്ള ഹൃദയ വൈകല്യമുണ്ടെന്ന് കണ്ടെത്തിയാൽ മാതാപിതാക്കൾക്ക് ഹൃദ്യത്തിൽ രജിസ്റ്റർ ചെയ്യാം. എംപാനൽ ചെയ്ത ആശുപത്രികളിൽ ഏത് ആശുപത്രി വേണമെന്ന് മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാം. ആശുപത്രികളിൽ സർക്കാർ ആശുപത്രിയും സ്വകാര്യ ആശുപത്രിയുമുണ്ട്. ഹൃദ്യത്തിന്റെ തുടക്കകാലത്ത് സർക്കാർ മേഖലയിലെ ശ്രീചിത്രയും കോട്ടയം മെഡിക്കൽ കോളേജുമാണ് ഇതിൽ ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെയാണ് ഉണ്ടായിരുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ 4 കിടക്കകളുള്ള ഐസിയു പീഡിയാട്രിക് കേസുകൾക്ക് മാത്രമായി നിർമ്മിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയും കഴിഞ്ഞവർഷം ഹൃദ്യത്തിന്റെ എംപാനൽഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. അവിടെ പീഡിയാട്രിക് കാത്ത് ലാബ്, ഓപ്പറേഷൻ തീയറ്റർ, ഐസിയു എന്നിവ പ്രത്യേകം നിർമ്മിച്ചു. പീഡിയാട്രിക് കാർഡിയോളജിസ്റ്റുകളുടെയും, സർജൻ, അനസ്തേഷ്യോളജിസ്റ്റ് തുടങ്ങിയവരുടെയും തസ്തികകൾ സൃഷ്ടിച്ചാണ് പദ്ധതി ആരംഭിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ് ഏറ്റവും കൂടുതൽ അഡൾട്ട് കാർഡിയാക് പ്രൊസീജിയർ ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഏറ്റവും അധികം കാർഡിയാക് ഇന്റർവെൻഷൻ നടത്തുന്ന രാജ്യത്തെ ആദ്യത്തെ 5 ആശുപത്രികളിൽ ഒന്നാണെന്ന് കഴിഞ്ഞ ദിവസം നാഷണൽ ഇന്റർവെൻഷൻ കൗൺസിൽ മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാർഡിയാക് ഇന്റർവെൻഷൻ ചികിത്സ നൽകുന്നവരുടെ എണ്ണം വളരെ വലുതാണ്. ഇതിൽ 90 ശതമാനവും കാസ്പിൽ (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ഉൾപ്പെടുത്തി സൗജന്യമായിട്ടാണ് ചെയ്യുന്നത്. ഹൃദയത്തിന്റെ ശസ്ത്രക്രിയ്ക്കും പ്രൊസീജിയറുകൾക്കും വിധേയരാകുന്ന മുതിർന്നവരുടെ എണ്ണം സർക്കാർ ആശുപത്രികളിൽ വളരെ കൂടുതലായതിനാൽ പീഡിയാട്രിക് സർജറികൾക്ക് പ്രത്യേകമായിട്ടുള്ള ക്രമീകരണങ്ങൾ ആവശ്യമാണ്. കോട്ടയത്തിനും എസ്.എ.ടി.യ്ക്കും പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിനേയും ഹൃദ്യത്തിൽ ഉൾപ്പെടുത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇവിടെ പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾ ഉൾപ്പെടെ പ്രത്യേക തസ്തികകൾ, പ്രത്യേക കാത്ത് ലാബ് സൗകര്യങ്ങൾ, പ്രത്യേക ഐസിയു എന്നിവ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു.
ശ്രീചിത്ര ആശുപത്രി മികച്ച നിലയിൽ ഹൃദ്യത്തിൽ പങ്കാളിയായി. ശ്രീചിത്ര തുടർന്നും ഹൃദ്യത്തിൽ ഉണ്ടാകണമെന്നതാണ് സർക്കാർ നിലപാട്. ഇത് ഇപ്പോഴല്ല നേരത്തെ തന്നെ ഞാൻ പരസ്യമായി പറഞ്ഞിരുന്നു. സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാസ്പിലും ഹൃദ്യത്തിലും ശ്രീചിത്ര ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ശ്രീചിത്ര ഡയറക്ടറുമായി 2022-23ൽ തന്നെ ഞാൻ ചർച്ച നടത്തിയിരുന്നു. കാസ്പിൽ ശ്രീചിത്ര ഭാഗമായി. ഹൃദ്യത്തിൽ വീണ്ടും ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് നോഡൽ ഓഫീസർ ജൂൺ മാസം ആദ്യം വീണ്ടും കത്തയച്ചിട്ടുണ്ട്. അനുകൂല നിലപാടെടുക്കം എന്നാണ് പ്രതീക്ഷ. നിലവിൽ ശ്രീചിത്രയുമായി ബന്ധപ്പെട്ടുള്ള ക്ലെയ്മൊന്നും സ്റ്റേറ്റ് ഓഫീസിൽ പെൻഡിംഗിലില്ല. അൻപത്തിയഞ്ച് കോടി രൂപയുടെ ക്ലെയിം 2020ൽ ശ്രീചിത്ര സമർപ്പിച്ചിരുന്നു. ശ്രീചിത്രയുമായി ആശയ വിനിമയും നടത്തി. ഇതിന്റെയടിസ്ഥാനത്തിൽ ധാരണപ്രകാരമുള്ള തുക അന്ന് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.ഇതുവരെ ഹൃദ്യം പദ്ധതിയിൽ 6107 കുഞ്ഞുങ്ങൾക്ക് കാർഡിയാക് പ്രൊസീജിയർ നടത്തിയിട്ടുണ്ട്.
ഇതുവരെ ചെലവായ തുക 57,11,75,161 രൂപ (അൻപത്തിഏഴ് കോടി പതിനൊന്ന് ലക്ഷത്തി എഴുപത്തി അയ്യായിരത്തി ഒരുന്നൂറ്റി അറുപത്തി ഒന്നു രൂപ). ആറായിത്തിലധികം കുഞ്ഞുങ്ങളുടെ ഹൃദ്രോഗം ചികിത്സിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ഹൃദ്യത്തിലൂടെ ആകെ ചെലവാക്കിയതാണ് ഈ തുക.
ഈ കാലഘട്ടത്തിൽ സംസ്ഥാനത്ത് നവജാതശിശു മരണനിരക്കിലുണ്ടായിട്ടുള്ള കുറവും ദേശീയ ശരാശരിയും ഇങ്ങനെയാണ്.
വർഷം, ഇന്ത്യയിലെ ശരാശരി, കേരളത്തിലെ ശരാശരിയെന്ന ക്രമത്തിൽ
2013 - 40 - 14
2014 - 39 - 13
2015 - 41 - 13
2016 - 38 - 10
2017 - 37 - 10
2018 - 36 - 6
2019 - 34 - 6
2020 - 31 - 6
2022 - 28 - 5.5
ഹൃദ്യത്തിലൂടെ പ്രൊസീജിയർ നടത്തിയ കുഞ്ഞുങ്ങൾക്കുള്ള തുടർ ഫോളോഅപ്പ് ചികിത്സകളും സൗജന്യമായി നടത്തുന്നതിന് കഴിഞ്ഞ വർഷം തുടക്കമിട്ടു. ഇതിലൂടെ കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചയും സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്.
ഇന്റർവെഷൻ ആവശ്യമായി വരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സൗകര്യങ്ങൾ ഒരുക്കി സർക്കാർ ആശുപത്രികളെ കൂടുതൽ ശാക്തീകരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇത് ഹൃദ്യത്തിന്റെ തുടക്കത്തിൽ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രശസ്ത കാർഡിയോ തൊറാസിക് സർജനുമായ ഡോ. ജയകുമാർ ചെയർ ചെയ്യുന്ന കമ്മിറ്റിയെ സർക്കാർ മേഖലയിലെ ഈ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് ഈ സർക്കാരിന്റെ കാലത്ത് നിയോഗിച്ചിട്ടുണ്ട്. ഡോ. ജയകുമാർ, ഡോ. ലക്ഷ്മി (എസ്എടി ആശുപത്രി), ഡോ. രാജേഷ് (കോഴിക്കോട് മെഡിക്കൽ കോളേജ്) ഡോ. രാഹുൽ (സ്റ്റേറ്റ് നോഡൽ ഓഫീസർ) എന്നിവരാണ് സമിതി അംഗങ്ങൾ.
ഇവിടെ എഴുതിയതൊക്കെ വാർത്താ ഇംപാക്ട് എന്ന വ്യാജം കൂടി നൽകാതിരിക്കുക. കാരണം ഈ പ്രവർത്തനങ്ങളൊക്കെ ഇപ്പോഴത്തെ ഈ ചാനൽ പ്രവർത്തനം ആരംഭിക്കുന്നതിന് വളരെ വളരെ മുമ്പേ സർക്കാർ ആരംഭിക്കുകയും തുടർന്നു പോരുകയും ചെയ്യുന്നതാണ്.
മീഡിയ ആക്ടിവിസം അല്ല മീഡിയ വാൻഡലിസം ആണിത്. വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട. ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് വ്യാജ വാർത്ത നൽകിയാൽ പേടിച്ചോടുമെന്നും കരുതേണ്ട. കൂടുതൽ ആർദ്രതയോടെ കരുത്തോടെ ആ കുരുന്നു ജീവനുകൾ സർക്കാർ ചേർത്ത് പിടിക്കും. ആ കുരുന്നു നാളങ്ങൾ അണയാതെ കഴിയുന്നത്ര സംരക്ഷിക്കും.