വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തിൽ വള്ളം കളിയുടെ ചിത്രം
കൊച്ചി: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2023ന്റെ പ്രചാരണത്തിൽ ഇടം നേടി കേരളത്തിന്റെ സ്വന്തം വള്ളം കളി. രണ്ട് മത്സരങ്ങളേയും കോർത്തിണക്കിയുള്ള മനോഹരമായ ചിത്രമാണ് വിംബിൾഡണെന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ചിരിക്കുന്നത്.
കളിക്കാർ ടെന്നീസ് കളിക്കുന്ന വേഷത്തിൽ ചുണ്ടൻ വള്ളം തുഴയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലിപ്പോൾ തരംഗമായിരിക്കുന്നത്.
നവാക് ജോക്കോവിച്ച്, കാർലോസ് അൽക്കാരാസ്, അര്യാന സാബലെങ്കാ, കാർലോസ് അക്കാരാസ് തുടങ്ങിയ താരങ്ങൾ വഞ്ചി തുഴയുന്ന ചിത്രമാണ് ലണ്ടണിലെ വിംബിൾടൺ സംഘാടകർ പുറത്തിറക്കിയത്.
വള്ളംകളി മത്സരങ്ങൾ അതിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ ബോട്ട് റേസിൽ ആര് ജയിക്കും, വിംബിൾഡൺ മത്സരത്തിൽ ആര് ചാമ്പ്യനാകുമെന്ന ഇമോജിയോടെയുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിംബിൾഡൺ പേജ് പങ്കുവച്ചിരിക്കുന്നത്.
കേരളവും ലണ്ടനും കൈകൊടുക്കുന്നതിന്റെ ഇമോജിയും റെഡി ഫോർ ദി ആനുവൽ ബോട്ട് റേസ്! ഹു വിൽ ബി ലിഫ്റ്റിംഗ് ദി 2023 വിംബിൾഡൺ ചാമ്പ്യൻഷിപ്പ് എന്നതുമാണ് പോസ്റ്റിന്റെ ഉള്ളടക്കം.
ഇതാദ്യമായല്ല അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രചാരണത്തിൽ കേരളം ഇടംപിടിക്കുന്നത്. മുമ്പ് ചെൽസിയ ഫുട്ബോൾ ക്ലബ് ആലപ്പുഴയുടെ കായലോരത്തിന്റെ പശ്ചാത്തലത്തിലൂടെ വിർച്വൽ ടൂർ നടത്തിയിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളുടെ ചാമ്പ്യൻസ് ബോട്ട് ലീഗായ സി.ബി.എല്ലിന് ഇതോടെ അന്താരാഷ്ട്ര പ്രശസ്തി കൈവന്നിരിക്കുകയാണ്.
വിംബിൾഡൺ ആരംഭിച്ച തിങ്കളാഴ്ച തന്നെയാണ് ചമ്പക്കുളം മൂലം വള്ളംകളിയോടെ ഈ വർഷത്തെ സിബിഎല്ലടക്കമുള്ള ചുണ്ടൻ വള്ളമത്സരങ്ങളുടെ സീസണും ആരംഭിച്ചത്. കേരളത്തിലെ ടൂറിസം മേഖലക്ക് കൂടി ഈ ചിത്രം മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചുണ്ടൻ വള്ളങ്ങൾ വിംബിൾഡൺ പ്രചാരണത്തിൽ ഇടം പിടിച്ചത് ആവേശകരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.