വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് ഒമ്പത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് ആറ് വരി ദേശീയപാതയിൽ 110 കിലോമീറ്റർ, നാലുവരി ദേശീയപാതയിൽ 100, മറ്റ് ദേശീയപാത, നാലുവരി സംസ്ഥാന പാത എന്നിവയിൽ 90, മറ്റു സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളിൽ 50 എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
9 സീറ്റിനു മുകളിലുള്ള ലൈറ്റ്- മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയപാതയിൽ 90, മറ്റു ദേശീയപാതകളിൽ 85, നാലുവരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റു സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളിൽ 50 എന്നിങ്ങനെയാണു പരമാവധി വേഗം.
ചരക്കു വാഹനങ്ങളുടെ വേഗപരിധി 6 വരി, നാലുവരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റു റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്കു നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണു വേഗപരിധി.
മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്റർ. റോഡുകൾ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണു വേഗപരിധി പുതുക്കിയതെന്നു മന്ത്രി ആൻറണി രാജു പറഞ്ഞു.