മലയാള സിനിമയുടെ ‘നിത്യ ഹരിത നായക’ന്റെ ഓര്‍മകള്‍ക്ക് 28 വര്‍ഷം
മലയാള സിനിമയ്ക്ക് പ്രണയത്തിന്റെ ചൂടുപകര്‍ന്ന രംഗങ്ങള്‍ ഇന്നും പ്രേംനസീര്‍ എന്ന നിത്യഹരിത നായകനായിരുന്ന നടന് സ്വന്തം. നിത്യഹരിത നായകന് മണ്മറഞ്ഞിട്ട് ഇന്ന് 28 വര്‍ഷം പിന്നിടുന്നു. ഇത്ര തീവ്രമായി, ഇത്ര അനുരാഗലോലനായി, ഇത്ര ഭാവമധുരമായി പ്രണയരംഗങ്ങളില്‍ നായികയോടൊപ്പം അഭിനയിച്ച നടന്മാര് മലയാളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ അപൂര്‍വമായിരുന്നു. സിനിമാഭിനയം ജീവിതോപാധിയാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പാഠമാക്കാവുന്നതാണ് ഇദ്ദേഹത്തിന്റെ പ്രണയരംഗങ്ങള്‍. എസ്.കെ. ആചാരിയുടെ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ഈ നടനെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത്. എന്നാല്‍ മോഹന്റാവു സംവിധാനം ചെയ്ത വിശപ്പിന്റെ വിളി എന്ന ചിത്രമാണ് പ്രേംനസീറിനെ ശ്രദ്ധേയനാക്കിയത്. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് നടന് തിക്കുറിശി സുകുമാരന്‍നായര്‍ അബ്ദുള്‍ ഖാദര്‍ എന്ന ചിറയിന്കീഴുകാരനെ പ്രേംനസീര്‍ എന്ന് നാമകരണം ചെയ്യുന്നത്. ആ പേര് അന്വര്ഥമാകും വിധമായിരുന്നു പിന്നീട് ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും. പ്രേമരംഗങ്ങളില്‍ അദ്ദേഹം എല്ലാക്കാലത്തും ചക്രവര്‍ത്തി തന്നെയായിരുന്നു.
ഇത്തരം രംഗങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയത്തെ മറികടക്കുന്നത് നിത്യജീവിതത്തിലെ അദേഹത്തിന്റെ ‘അഭിനയമില്ലാത്ത സ്നേഹമായിരുന്നു. താന്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രമേഖല എല്ലാക്കാലത്തും നിലനില്ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
സ്വന്തം സിംഹാസനത്തിലുള്ള അത്യാഗ്രഹത്തെക്കാള് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ അനേകായിരം പേരുടെയും അവരുടെ കുടുംബത്തെയും കുറിച്ചുള്ള ഉല്കണ്ഠകള് തന്നെയായിരുന്നു ഇത്തരമൊരാഗ്രഹത്തിനു പിന്നില്‍. പലപ്പോഴും പരീക്ഷണചിത്രങ്ങളില്‍ അഭിനയിക്കാന്‍ അദ്ദേഹം വിസ്സമ്മതിച്ചു. അതിന്റെ കാരണവും ഇതു തന്നെയായിരുന്നു. വിജയിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത ചിത്രത്തില്‍ അഭിനയിക്കുകയും അതു പരാജയപ്പെടുകയും ചെയ്താല്‍ തന്റെ താരമൂല്യമോര്ത്ത് കാശിറക്കുന്ന നിര്‍മാതാവ് പെരുവഴിയിലാകുമെന്ന് അദ്ദേഹം കരുതി. അതു കൊണ്ട് മാത്രമായിരുന്നു പലപ്പോഴും ആവര്‍ത്തന വിരസങ്ങളെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയിരുന്ന അനേകം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടത്. അതിന്റെ പേരില്‍ നിരൂപകരില്‍ നിന്ന് നിരവധി തവണ ക്രൂരമായ ആക്ഷേപങ്ങള്‍ക്ക് അദേഹം വിധേയനായിട്ടുണ്ട്.‘പ്രേംനസീററിന്റെ മരം ചുറ്റി പ്രേമം’ എന്ന പ്രയോഗം തന്നെ ആ കാലത്ത് ചലച്ചിത്രാസ്വാദകരുടെ ചുണ്ടില്‍ ഉണ്ടായിരുന്നു. അതില്‍ ഉറഞ്ഞു കിടക്കുന്ന പരിഹാസം കേട്ടില്ലെന്ന് നടിക്കാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. സിനിമാരംഗത്തെ നിര്‍മാണത്തിന്റെയും വിതരണത്തിന്റെയും ചുറ്റിക്കളിയെ കുറിച്ചറിയാതെ ഈ മേഖലയിലേക്ക് കടന്നുവരുന്നവരെ പ്രേംനസീര്‍ പ്രോത്സാഹിച്ചിട്ടില്ല. ഇതിനൊരുദാഹരണമായി പറയാവുന്നത് ശ്രീകുമാരന്‍ തമ്പിക്കുണ്ടായ അനുഭവമാണ്.ചലച്ചിത്രരംഗത്ത് മികച്ച ഗാനങ്ങളും, കഥയും തിരക്കഥയും എല്ലാം എഴുതി പേരെടുത്ത ശ്രീകുമാരന്‍ തമ്പിക്ക് സ്വന്തമായി സിനിമ എടുക്കണമെന്ന മോഹം ഉദിച്ചു. നായകനായി അഭിനയിക്കാന്‍ പ്രേംനസീറിനെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണം ശ്രീകുമാരന്‍ തമ്പി തന്നെയാണ് നിര്‍വഹിക്കാന്‍ പോകുന്നതെന്ന് കേട്ടതും പ്രേംനസീര്‍ അഭിനയിക്കാന്‍ ആകില്ലെന്ന് പറഞ്ഞു. എന്നിട്ടും ശ്രീകുമാരന്‍ തമ്പി പിന്മാറുന്നില്ലെന്ന് കണ്ടപ്പോള്‍ അഭിനയിക്കുന്നതിനുള്ള തുക കൂടുതലാക്കി പറഞ്ഞു. എന്നാല്‍ ആ തുക താന്‍ തന്നു കൊള്ളാമെന്ന് ശ്രീകുമാരന്‍ തമ്പി സമ്മതിച്ചു. അങ്ങനെയാണ് ‘ചന്ദ്രകാന്തം’ ജനിക്കുന്നത്. എന്നാല്‍ സിനിമ പൂര്‍ത്തിയായപ്പോള്‍ പ്രേംനസീര്‍ തന്റെ സാധാരണയുള്ള പ്രതിഫലം മാത്രമേ വാങ്ങിയുള്ളു.
പ്രേംനസീര്‍ കരുതിയതു പോലെ തന്നെ ചന്ദ്രകാന്തം പ്രേക്ഷകര്‍ സ്വീകരിച്ചില്ല. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് രാഘവനെയും വിന്‍സന്റിനെയും മറ്റും നായകന്മാരാക്കി ശ്രീകുമാരന്‍ തമ്പി എടുത്ത ഭൂഗോളം തിരിയുന്നു എന്ന ചിത്രവും പരാജയപ്പെട്ടു. സാമ്പത്തികമായി ശ്രീകുമാരന്‍ തമ്പി വിഷമത്തിലായ ഈ സമയത്താണ് പ്രേംനസീര്‍ ചട്ടമ്പി കല്യാണി എന്ന ചിത്രം നിര്‍മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും സംവിധാനച്ചുമതല ശശികുമാറിനു നല്കിയതും. ചിത്രം വമ്പന്‍ വിജയമായി. ശ്രീകുമാരന്‍ തമ്പി സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറുകയും ചെയ്തു. ഇതു ശ്രീകുമാരന്‍ തമ്പി എന്ന ഗാനരചയിതാവിനോട് മാത്രമുള്ള പ്രേംനസീറിന്റെ സമീപനമായിരുന്നില്ല. തന്റെ നിര്മാതാക്കളോടെല്ലാം അദ്ദേഹം ഇങ്ങനെ തന്നെ പെരുമാറി. തന്നെ വിശ്വസിച്ച് പടമെടുത്ത് പരാജയപ്പെടുന്ന നിര്‍മാതാക്കളെ രക്ഷപ്പെടുത്തുന്നതിനു വീണ്ടും പടമെടുക്കാന്‍ സൗജന്യമായി ഡേറ്റുകള്‍ നല്കാന് പോലും അദ്ദേഹം തയാറായി.
സെറ്റില്‍ ഒരിക്കല്‍ പോലും പ്രേംനസീര്‍ എത്താത്തതിന്റെ പേരില്‍ ഷൂട്ടിങ് താമസിച്ചിട്ടില്ല. കൃത്യസമയത്ത് ഷൂട്ടിങ് സ്ഥലത്തെത്തുന്നത് അനാവശ്യമായി കരുതുന്ന നടീനടന്മാരുള്ള കാലത്തായിരുന്നു സ്വന്തം കാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കാന്‍ അദേഹം തയാറായത്. ഒരു രീതിയിലും നിര്‍മാതാവിനെ നിന്ദിക്കാന്‍ അദ്ദേഹം തയാറായില്ല. അവരുടെ പണവും പ്രേക്ഷകന്റെ സന്മനസും മാത്രമാണ് തന്റെ നിലനില്പിനു കാരണമെന്ന തിരിച്ചറിവ് അദ്ദേഹത്തിനു എന്നും ഉണ്ടായിരുന്നു.സഹജീവികളായ പല നടന്മാര്ക്കും സിനിമയില്‍ അഭിനയിക്കുന്നതിന് ചാന്‍സ് വാങ്ങി കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. അതിനെ കുറിച്ച് പൂജപ്പുര രവി എന്ന ഹാസ്യനടന് പറയുന്നത്: ‘കോടമ്പാക്കത്തെ സ്വാമീസ് ലോഡ്ജില്‍ ചാന്‍സൊന്നും ഇല്ലാതെ ഇരിക്കുമ്പോഴായിരിക്കും അവിടുത്തെ ഫോണില്‍ നസീര്‍ സാറിന്റെ ഫോണ്‍ വരിക.’ ‘എന്താ അസ്സേ കണ്ടിട്ട് കുറച്ച് കാലമായല്ലോ, പടമൊന്നും ഇല്ല അല്ലേ ങാ നമുക്ക് ശരിയാക്കാം കേട്ടോ’ ഇങ്ങനെ പറഞ്ഞാകും ഫോണ്‍ വയ്ക്കുക. പിറ്റേന്ന് പുതിയ ഏതെങ്കിലും സിനിമയില്‍ അഭിനയിക്കുന്നതിനുള്ള അഡ്വാന്‍സ് തുകയുമായി ഏതെങ്കിലും നിര്‍മാതാവ് തീര്‍ച്ചയായും എത്തിയിരിക്കും.
ഇതായിരുന്നു അന്നത്തെ കാലത്ത് പ്രേംനസീര്‍ സൃഷ്ടിച്ച സിനിമാസംസ്കാരം. മലയാള സിനിമയ്ക്ക് പ്രേംനസീറിന്റെ മരണത്തോടെ നഷ്ടമായതും ആ സംസ്കാരമാണ്. അന്യരോട് കരുതലും സ്നേഹവും കാട്ടിയിരുന്ന നസീര്‍ സംസ്കാരം.
പ്രണയരംഗങ്ങളുടെ ആര്‍ദ്രതയില്‍ നിന്ന് കേവല ജാഡപ്രേമങ്ങളിലേക്കുള്ള ഇപ്പോഴത്തെ മുതലക്കൂപ്പ് പോലെ അതും പ്രേക്ഷകനെ നോവിക്കുന്നു. പ്രേംനസീറിന്റെ അസാന്നിധ്യം അതിന്റെ തീവ്രത കൂട്ടുന്നു.