ഹിജാബ് ഓപ്പറേഷൻ തിയെറ്ററിൽ ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം; എതിർപ്പ് പ്രകടിപ്പിച്ച് ഐ.എം.എ, മുൻഗണന രോഗിയുടെ സുരക്ഷയ്ക്കാവണെന്ന് ഡോ.സുൽഫി നൂഹു
തിരുവനന്തപുരം: ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐ.എം.എ. ശസ്ത്രക്രിയയുടെ സമയത്ത് പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡണങ്ങളെന്നും പ്രാധാന്യം നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി.
ഓപ്പറേഷൻ തിയെറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു പ്രതികരിച്ചു.
ശസ്ത്രക്രിയയുടെ സമയത്തും ലോങ് സ്ലീവ് സ്ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ തല മറയ്ക്കുന്ന തരത്തിലുള്ള സർജിക്കൽ ഹൂഡ് എന്നിവ ധരിക്കാൻ അനുവാദം നൽകണമെന്നാണ് ആവശ്യം. എന്നാൽ, ആഗോളതലത്തിൽ തന്നെ ഓപ്പറേഷൻ തിയെറ്ററുകളിലെ വസ്ത്രങ്ങൾക്കു നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുണ്ടെന്നും അതു മാറ്റാനാവില്ലെന്നും മുതിർന്ന ഡോക്റ്റർമാർ ചൂണ്ടിക്കാട്ടുന്നു.
ഹോസ്പിറ്റൽ മാനദണ്ഡങ്ങൾ അനുസരിച്ചും ഓപ്പറേഷൻ റൂം നിർദേശങ്ങൾ പിന്തുടർന്നും ഹിജാബ് ധരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. എന്നാൽ ലോകത്തിൻറെ മറ്റു പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങൾ നൽകുന്ന കമ്പനികളുണ്ട്. നീളമുള്ള കൈകളുള്ള സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയിൽ ലഭ്യവുമാണ്. അതുകൊണ്ട് ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ധരിക്കാൻ അനുവദിക്കണം, കത്തിൽ പറയുന്നു
2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാർഥിനി ഈ മാസം 26ന് എഴുതിയ കത്തിൽ 2018, 2021, 2022 ബാച്ചുകളിലെ ആറു വിദ്യാർഥിനികളും ഒപ്പിട്ടുണ്ട്. ഓപ്പറേഷൻ തിയെറ്ററിനുള്ളിൽ തലയും കൈകളും മറയ്ക്കാൻ തങ്ങളെ അനുവദിക്കുന്നില്ല. മതവിശ്വാസമനുസരിച്ച് മുസ്ലിം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധമാണ്. ഹിജാബ് ധരിക്കുന്ന ഞങ്ങൾക്ക് മതപരമായ വസ്ത്രങ്ങൾ ധരിക്കാനും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കാനുമുള്ള സന്തുലിതാവസ്ഥ കണ്ടെത്താൻ ബുദ്ധിമുട്ടാണ്- കത്തിൽ പറയുന്നു.
എന്നാൽ, ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ് അനുവദിക്കാനാവില്ലെന്നു മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് വ്യക്തമാക്കി. സാർവത്രികമായി അംഗീകരിക്കപ്പെട്ട അണുവിമുക്ത മാനദണ്ഡങ്ങൾ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. ശാസ്ത്രീയ മാനദണ്ഡങ്ങൾ മാറ്റാനാവില്ല.
കൈമുട്ടു മുതൽ താഴേയ്ക്ക് ഇടയ്ക്കിടെ കൈ സാനിറ്റൈസ് ചെയ്യേണ്ട സാഹചര്യം ഓപ്പറേഷൻ റൂമുകളിലുണ്ട്. ഇക്കാര്യം ആ വിദ്യാർഥികളോടു പറഞ്ഞിട്ടുണ്ട്. രോഗികളുടെ സുരക്ഷയാണു പ്രധാനം.
ശസ്ത്രക്രിയാ വിദഗ്ധരെയും അണുബാധാ സ്പെഷ്യലിസ്റ്റുകളെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും- 32 വർഷമായി അനസ്തെറ്റിസ്റ്റായ പ്രിൻസിപ്പൽ പറഞ്ഞു.