കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം നിലവിൽ വടക്കൻ ഒഡിഷയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദിവസങ്ങളിൽ ഝാർഖണ്ഡ്, ഛത്തീസ്ഗഡ് വഴി വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരദേശ മുന്നറിയിപ്പ്; കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
ഉയർന്ന തിരമാലയ്ക്ക് സാധ്യത; കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.3 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.