ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര രീതിയിൽ മാറ്റം വരുത്തണമെന്ന് സണ്ണി പൈമ്പിള്ളിൽ
രാജാക്കാട്: ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര രീതിയിൽ മാറ്റം വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ. വ്യാപാര മേഖല വിവിധ പ്രതിസന്ധികൾ മൂലം വെല്ലുവിളിയിലാണ്.
കാലഘട്ടത്തിന് അനുസരിച്ച് ഉപഭോക്തക്കളെ ചേർത്ത് നിർത്താൻ വ്യാപാര രീതിയിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് വി.എസ് ബിജു അദ്ധ്യക്ഷത വഹിച്ചു. സിബി കൊച്ചുവള്ളാട്ട് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ റിപ്പോർട്ടും,ട്രഷറർ വി.സി ജോൺസൺ കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റ്റി.റ്റി.ബൈജു, എം.കെ.ഷാജി എന്നിവർ റെയിൽവേ ലൈൻ പ്രമേയം അവതരിപ്പിച്ചു.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ വിനോദ്, ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ വി.കെ മാത്യു, സിബി കൊല്ലംകുടിയിൽ, ബ്ലോക്ക് പ്രസിഡന്റ് റോയി വർഗീസ്, സെക്രട്ടറി പി.ജെ ജോൺസൺ, ആന്റണി കുമ്പളന്താനം, വനിതാ വിംഗ് പ്രസിഡന്റ് ആശാ ശശികുമാർ, യൂത്ത് വിംഗ് സെക്രട്ടറി വി.എസ് അരുൺ പ്രസാദ് എന്നിവർ പ്രസംഗിച്ചു.