6000 ബുക്കിങ്ങുമായി ഇഗ്നിസ
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള അര്‍ബന്‍ കോംപാക്ട് ക്രോസോവറായ ‘ഇഗ്നിസി’ന്റെ കാറിനു ലഭിച്ചത് ആറായിരത്തിലേറെ ബുക്കിങ്ങ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വിപണിയിലെത്തിയ ‘ഇഗ്നിസി’ന് ഡല്‍ഹി ഷോറൂമില്‍ 4.59 ലക്ഷം രൂപ മുതലാണു വില. കാറിന്റെ അരങ്ങേറ്റത്തിനു മുന്‍പേ പുതുവര്‍ഷ ദിനത്തില്‍ 11,000 രൂപ അഡ്വാന്‍സ് വാങ്ങി കമ്പനി ‘ഇഗ്നിസി’നുള്ള ബുക്കിങ് തുടങ്ങിയിരുന്നു. പുത്തന്‍ വിപണന ശൃംഖലയായ ‘നെക്സ’ വഴി വില്‍പ്പനയ്ക്കെത്തുന്ന മൂന്നാമതു മോഡലാണ് ‘ഇഗ്നിസ്’. ഇന്ത്യയ്ക്കു മുമ്പ് യൂറോപ്പിലും ജപ്പാനിലും ‘ഇഗ്നിസ്’ വില്‍പ്പനയ്ക്കെത്തിയിരുന്നു.
മുമ്പ് സാന്നിധ്യമില്ലാത്ത വിഭാഗങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായണ് ‘ഇഗ്നിസി’നെ പടയ്ക്കിറക്കത്തിലൂടെ മാരുതി സുസുക്കി ഉദ്ദേശിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് പരമ്പരാഗത ചിന്താശൈലിയില്‍ മാറ്റം അനിവാര്യമാണെന്നും കമ്പനി. പുതിയ നൂറ്റാണ്ടില്‍ ജനിച്ച, ‘മിലേനിയല്‍സ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന യുവതലമുറയെയാണ് ‘ഇഗ്നിസി’ലൂടെ മാരുതി സുസുക്കി നോട്ടമിടുന്നത്. ‘ബലേനൊ’യ്ക്ക് അടിത്തറയാവുന്ന അഞ്ചാം തലമുറ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പിലാണു മാരുതി സുസുക്കി ‘ഇഗ്നിസ്’ സാക്ഷാത്കരിച്ചിരിക്കുന്നത്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ വകഭേദങ്ങളില്‍ ലഭ്യമാവുന്ന ‘ഇഗ്നിസ്’ പേള്‍ ആര്‍ട്ടിക് ബ്ലൂ, അപ്ടൗണ്‍ റെഡ്, സില്കി സില്‍വര്‍, ടിന്‍സല്‍ ബ്ലൂ, ഗ്ലിസ്റ്റനിങ് ഗ്രേ, അര്‍ബന്‍ ബ്ലൂ നിറങ്ങളാണുണ്ടാവുക.
സാങ്കേതികവിഭാഗത്തില്‍ കാര്യമായ പുതുമകളില്ലാതെയാണ് ‘ഇഗ്നിസി’ന്റെ വരവ്. 1.2 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, 1.3 ലീറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാവും കാറിനു കരുത്തേകുക. പെട്രോള്‍ എന്ജിന് 6,000 ആര് പി എമ്മില്‍ 83 പി എസ് വരെ കരുത്തും 4,200 ആര് പി എമ്മില്‍ 113 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്ത് 4,000 ആര് പി എമ്മില്‍ പിറക്കുന്ന 75 പി എസ് ആണ്; ടോര്‍ക്കാവട്ടെ 2,000 ആര് പി എമ്മിലെ 190 എന്‍ എമ്മും. പെട്രോള്‍ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസല്‍ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്നിസി’നു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന്(എ എം ടി) സഹിതവും ‘ഇഗ്നിസ്’ വില്‍പ്പനയ്ക്കുണ്ടാവും.
സുസുക്കി ടി ഇ സി ടി ബോഡി, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് സീറ്റ് ആങ്കറേജ്, മുന്നില്‍ ഇരട്ട എയര്‍ബാഗ്, ഫോഴ്സ് ലിമിറ്റര്‍ സഹിതം സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനര്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയവയ്ക്കൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ക്ക് അനുയോജ്യമായ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും ‘ഇഗ്നിസി’ല്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.