ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി: ജില്ലാ ആസ്ഥാനത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വർധിപ്പിക്കാൻ ചെറുതോണി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ അനുബന്ധ നിർമ്മാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതോണിയിൽ സ്ഥല സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ് സ്റ്റേഷനോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടുന്ന വിധത്തിൽ സ്റ്റേഷനും ആരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ തന്നെ യാത്രാ ഫ്യുവൽ സ്റ്റേഷനും ഇതോടൊപ്പം ആരംഭിക്കും. പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഒരുക്കും.
ചെറുതോണിയിൽ സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം തന്നെയായിരിക്കും കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും. ജില്ലാ പഞ്ചായത്ത് നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് ഓപ്പറേറ്റിങ് സെന്ററും ഫ്യുവൽ സ്റ്റേഷനും നിർമിക്കുക. പ്രധാന റോഡിനോട് അനുബന്ധിച്ച് 40 സെന്റിലാണ് ഫ്യുവൽ സ്റ്റേഷൻ നിർമിക്കുന്നത്. ശേഷിക്കുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് ബസ് സ്റ്റേഷൻ, ഗ്യാരേജ്, അതോടനുബന്ധിച്ചുള്ള കെ.എസ്.ആർ.ടി.സി ഓഫീസ്, അനുബന്ധസൗകര്യങ്ങൾ എന്നിവ നിർമ്മിക്കുക.
ജില്ലയിലെ പ്രധാന കേന്ദ്രമായ ചെറുതോണിയിൽ നിന്ന് വളരെ ദൂരെയാണ് നിലവിലുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോകൾ. ചെറുതോണിയിൽ സ്റ്റേഷൻ വരുന്നതോടെ കെ.എസ്.ആർ.ടിസി ബസുകൾക്ക് ഇവിടെ നിന്നു തന്നെ സർവ്വീസ് ആരംഭിക്കാനാകും. പൊതുമേഖല എണ്ണക്കമ്പനികളുമായി സഹകരിച്ചാണ് യാത്രാ ഫ്യുവൽ സ്റ്റേഷൻ ആരംഭിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു, ജില്ലാ കളക്ടർ ഷീബ ജോർജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി.സത്യൻ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, ലാൻഡ് സ്പെഷ്യൽ ഓഫീസർ വിനോദ്.എം.പി, ഡെപ്യൂട്ടി കളക്ടർ മനോജ്.കെ, കക്ഷിരാഷ്ട്രീയ നേതാക്കളായ ഔസേപ്പച്ചൻ ഇടകുളത്തിൽ, സി.എം.അസ്സീസ്, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പം സ്ഥല സന്ദർശനത്തിന്റെ ഭാഗമായി.