ലോക്സഭ തെരഞ്ഞെടുപ്പ്; പാട്നയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നു
ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരായ തന്ത്രങ്ങൾ മെനയുന്നതിന് 16 പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള യോഗം പാട്നയിൽ തുടങ്ങി. രാവിലെ 11 ന് തുടങ്ങിയ യോഗം 3.30 വരെ നീളും . ഇതിന് ശേഷം സംയുക്ത പത്രസമ്മേളനവും ഉണ്ടായിരിക്കും.
അടുത്ത യോഗത്തിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചാകും ആദ്യ യോഗം പിരിയുക. യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലേക്ക് ആദ്യം യോഗം കടക്കില്ലെന്നാണ് സൂചന. ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണങ്ങൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും ഇകഴ്ത്തൽ, ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരം നിയന്ത്രിച്ചുള്ള ഓർഡിനൻസ് തുടങ്ങി മോദി സർക്കാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധ നയങ്ങളെയും നടപടികളെയും കൂട്ടായി എതിർക്കാൻ പ്രതിപക്ഷ പാർടികൾ ധാരണയാകും.
ലോക്സഭാ തെരഞ്ഞെടുപ്പിന് 11 മാസംമാത്രം ശേഷിക്കേ ഈ വിഷയങ്ങൾ ഉയർത്തി രാജ്യവ്യാപക പ്രചാരണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും യോഗം ആലോചിക്കും.
ഇതോടൊപ്പം സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം, ഇന്ധന വിലവർധന, തൊഴിലില്ലായ്മ, അതിഥി തൊഴിലാളികൾക്കും മറ്റും ട്രെയിൻ യാത്ര അപ്രാപ്യമാക്കുംവിധം തെറ്റായ റെയിൽ നയം, വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങൾ, ആഭ്യന്തര സുരക്ഷയിൽ സംഭവിച്ച ഗുരുതര വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളും മോദി സർക്കാരിനെതിരെ ആയുധമാക്കാൻ തീരുമാനമുണ്ടാകും.
പരമാവധി ലോക്സഭാ സീറ്റുകളിൽ ബിജെപിക്കെതിരായി പ്രതിപക്ഷ പാർടികളുടെ സംയുക്ത സ്ഥാനാർഥിയെന്ന ആശയം ശക്തമായി ഉയരുന്നുണ്ടെങ്കിലും ആദ്യ യോഗത്തിൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനിടയില്ല.
എല്ലാ സീറ്റുകളിലും സംയുക്ത സ്ഥാനാർഥി എന്നത് പ്രായോഗികമല്ലെങ്കിലും 400-- 450 സീറ്റുകളിൽ ധാരണയ്ക്ക് നീക്കമുണ്ടായേക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ നേരിട്ടാണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
പ്രതിപക്ഷ നേതാക്കളെ സ്വാഗതം ചെയ്തുള്ള കൂറ്റൻ ബോർഡുകളും മറ്റും പട്ന നഗരത്തിൽ വ്യാപകമായി സ്ഥാപിച്ചുകഴിഞ്ഞു.