വൈറ്റ് ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകി
വാഷിങ്ങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഗംഭീര വരവേൽപ്പ് നൽകി യുഎസ്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം ശക്തമാക്കുന്നതും ആഗോള താത്പര്യമുള്ളതുമായ നിരവധി വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.
സൗത്ത് ലോണിൽ നടന്ന പരിപാടിയിൽ മോദിയെ ബൈഡൻ നേരിട്ടെത്തി സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾക്കു ശേഷം 21 ഗൺ സല്യൂട്ടും നൽകിയാണ് യുഎസ് മോദിയെ സ്വീകരിച്ചത്.
ലോകത്തിൻറെ മുഴുവൻ നന്മയ്ക്കും ശാന്തിക്കും സമൃദ്ധിക്കുമായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇത്ര ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു. നിരവധി പേരാണ് മോദിയുടെ സന്ദർശനത്തിൻറെ ഭാഗമായി സൗത്ത് ലോണിൽ തടിച്ചു കൂടിയിരുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിർണായകമായ ബന്ധമാണ് ഇന്ത്യ-യുഎസ് ബന്ധമെന്ന് ബൈഡൻ പറഞ്ഞു. അത് ഇന്ത്യക്കും അമെരിക്കയ്ക്കും മാത്രമല്ല ലോകത്തിനു മുഴുവൻ പ്രധാനപ്പെട്ടതായിരിക്കും. ഈ സ്വീകരണം 140 കോടി ഇന്ത്യക്കാർക്കും 40 ലക്ഷം വരുന്ന വരുന്ന യുഎസിലെ ഇന്ത്യൻ-അമേരിക്കൻ വംശജർക്കുമുള്ള ആദരവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെയും അമേരിക്കയുടെയും പൊതുമായ മൂല്യങ്ങളെക്കുറിച്ചും മോദി എടുത്തു പറഞ്ഞു. ഇതിനു മുൻപ് പല തവണ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം ഇന്ത്യൻ- അമെരിക്കൻ വംശജർക്കായി വൈറ്റ് ഹൗസിൻറെ ഗേറ്റ് തുറന്നു കൊടുക്കുന്നത് കാണുന്നത് ഇതാദ്യമാണെന്നും മോദി കൂട്ടിച്ചേർത്തു.
വിദേശ കാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര, തരൺജിത് സിങ് സന്ധു, എന്നിവരും നയതന്ത്ര സംഘത്തിലുണ്ട്. വൈസ് പ്രസിഡൻറ് കമല ഹാരിസ്, ഭർത്താവ് ഡഗ്ലസ് എംഹോഫ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
വൈകിട്ട് 400 പേരോളം വരുന്ന അതിഥികൾക്കായാണ് സൗത്ത് ലോണിൽ അത്താഴ വിരുന്ന് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഇതു രണ്ടാം തവണയാണ് മോദിയും ബൈഡനും പരസ്പരം കാണുന്നത്. കഴിഞ്ഞ ദിവസം ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് മോദിക്ക് അത്താഴ വിരുന്നൊരുക്കിയിരുന്നു.