കേരളത്തിൽ മാധ്യമങ്ങളെ ഭയപ്പെടുത്തി നിർത്തുകയാണെന്ന് ഗവർണർ
തിരുവനന്തപുരം: മലയാള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഡൽഹിയിൽ ശപഥം ചെയ്യുകയും മാധ്യമപ്രവർത്തകരെ ഇറക്കിവിടുകയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരളത്തിൽ മാധ്യമങ്ങളെ ഭയപ്പെടുത്തി നിർത്തുകയാണെന്ന വിചിത്രവാദവുമായി രംഗത്ത്.
ഹൈക്കോടതിയിൽനിന്നേറ്റ തിരിച്ചടികൾക്കുശേഷം നിശ്ശബ്ദനായിരുന്ന ഗവർണർ തിങ്കളാഴ്ചയാണ് സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രംഗത്തെത്തിയത്.
ഭയപ്പെടുത്തി നിർത്തിയിരിക്കുന്ന മാധ്യമങ്ങൾ രാജ്യത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് കേരളത്തിലാണെന്നാണ് പുതിയ ‘കണ്ടെത്തൽ’. സർക്കാരിനെ കുറ്റപ്പെടുത്തി വാർത്ത നൽകണമെന്ന് മാധ്യമങ്ങൾക്ക് ഉപദേശവും നൽകി-. ബിജെപി ഭരണത്തിൽ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ ഏറ്റവും പിന്നിലായെന്ന് റിപ്പോർട്ട് വന്നത് അടുത്തിടെയാണ്.
2014നും 2019നും ഇടയിൽ 40 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഹിന്ദുത്വ വർഗീയാവദികളാൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് അടക്കമുള്ളവർ ഇതിൽ ഉൾപ്പെടുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് നിരവധി മാധ്യമപ്രവർത്തകരാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ബിജെപി സർക്കാരുകൾക്കും സംഘപരിവാർ സംഘടനകൾക്കുമെതിരെ വാർത്ത നൽകിയതിന്റെ പേരിൽ ജയിലിലായവരുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർടിക്കുമെതിരെ നിരന്തരം വ്യാജവാർത്തകൾ സൃഷ്ടിച്ചിട്ടും കേരളത്തിൽ ഒരു മാധ്യമപ്രവർത്തകൻപോലും വേട്ടയാടപ്പെട്ടിട്ടില്ല.
ഹൈക്കോടതി തെറ്റാണെന്നു പറഞ്ഞ നടപടിയെ ന്യായീകരിച്ചും ഗവർണർ രംഗത്തുവന്നു. സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വിസിയെ താൻ നിയമിച്ചപ്പോൾ അവരെ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് ഗവർണർ പറഞ്ഞത്.
ഡോ.സിസ തോമസിനെ താൽക്കാലിക വിസിയായി ഗവർണർ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.