തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല; കെ.സുധാകരൻ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. എം.വി.ഗോവിന്ദനെ അശ്ലീല സെക്രട്ടറി എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു സുധാകരൻറെ പരാമർശം.
ഞരമ്പു രോഗികളായ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല മാന്യന്മാരും ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
അൽപമെങ്കിലും സംസ്കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്, തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നും; സി.പി.എമ്മിൻറെ അശ്ലീല സെക്രട്ടറിയോടാണ്..
ഇരിക്കുന്ന സ്ഥാനത്തിൻറെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിൻറെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതും!
ആന്തൂരിലെ സാജനെ കൊന്ന ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭർത്താവിനോട് മാന്യത കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയ്യാണ്. എന്നാലും…. ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, മാന്യമായി ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക.
തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദൻ? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
നാട്ടിലെ മുഴുവൻ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തിൽ സ്വയം നിൽക്കുമ്പോൾ, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്.
പോലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനൻറെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുത്, ഗോവിന്ദൻ.