നസീർ മുതൽ ടൊവിനോ വരെ; സിനിമയിലെ നാല് തലമുറകൾക്കൊപ്പം തിളങ്ങിയ പൂജപ്പുരക്കാരൻ
നെറ്റി മുഴുവൻ നിറയുന്ന ചന്ദനക്കുറിയും തമിഴും മലയാളവും പരസ്പരം കലർന്ന നർമ സംഭാഷണങ്ങളുമായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച പൂജപ്പുരക്കാരൻ... പ്രേം നസീർ മുതൽ ടൊവിനോ തോമസ് വരെ സിനിമയിലെ നാലു തലമുറകൾക്കൊപ്പം ഒരേ പോലെ തിളങ്ങി നിന്ന അഭിനേതാവ്... എൺപത്തിയാറാം വയസ്സിൽ പൂജപ്പുര രവി വിട പറയുമ്പോഴും അദ്ദേഹം മിഴിവേകിയ കഥാപാത്രങ്ങൾ ഒരൽപ്പം പോലും വാട്ടമില്ലാതെ പ്രേക്ഷകരുടെ ഹൃദയത്തിൽ ബാക്കിയുണ്ട്. ടൊവിനോ പ്രധാന കഥാപാത്രമായെത്തിയ ഗപ്പിയിലാണ് പൂജപ്പുര രവി അവസാനമായെത്തിയത്. അതിനു ശേഷവും ചില സിനിമകളിൽ അവസരങ്ങൾ ലഭിച്ചെങ്കിലും അഭിനയിക്കാനായില്ല.
1967 ലാണ് സിനിമയിൽ ശ്രദ്ധേയമായ വേഷം കിട്ടിയത്. ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയായിരുന്നു വഴിത്തിരിവായത്. അതിനു ശേഷം നിരവധി അവസരങ്ങൾ തേടിയെത്തി. സത്യൻ, പ്രേം നസീർ, മധു, ജയൻ മോഹൻ ലാൽ, മമ്മൂട്ടി,പൃഥ്വി രാജ് , ടൊവിനോ തോമസ് അങ്ങനെ നാലു തലമുറകൾ പൂജപ്പുര രവിയ്ക്കൊപ്പം തിരശീലയിൽ സഞ്ചരിച്ചു.നാടകാഭിനയത്തിലൂടെ സിനിമയിലെക്കെത്തിയ കലാപ്രതിഭ. പൂജപ്പുര രവിയെന്നു കേൾക്കുമ്പോൾ തന്നെ മനസിലേക്കോടിയെത്തുന്ന നിരവധിയായ കഥാപാത്രങ്ങൾ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭയെകൂടി നഷ്ടമായിരിക്കുന്നു. കാലങ്ങൾ കഴിഞ്ഞാലും ചിരി പടർത്തുന്ന ഒന്നിലധികം സീനുകളിലൂടെ ഇവരെല്ലാം നമ്മുടെ മനസിലും ജീവിതത്തിലും നിറഞ്ഞു നിൽക്കും.
ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലെ ഉദ്യോഗസ്ഥനായിരുന്ന മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തമകനായായിരുന്നു രവി. ചിന്നാമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണി റേഡിയോ നാടകത്തിലൂടെയാണ് കലാ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം.
ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായതോടെ അഭിനയിക്കാനുള്ള മോഹമാണ് ഇന്നത്തെ പൂജപ്പുര രവിയിലേക്കുള്ള യാത്രയുടെ തുടക്കം. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എൽ.പുരത്തിന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിലഭിനയിച്ചതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് അഭിനയം തന്റെ വഴിയായി തെരഞ്ഞടുക്കുകയായിരുന്നു.
നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. എം. രവീന്ദ്രൻ നായർ എന്ന നാമത്തിൽ നിന്നു പൂജപ്പുര രവിയിലേക്ക്. നാടകരംഗത്ത് നിരവധി രവിമാർ ഉള്ളതിനാൽ പേരിനോടു കൂടി സ്ഥലപ്പേര് ചേർക്കുകയായിരുന്നു.
വേലുത്തമ്പി ദളവ ഉൾപ്പെടെ ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. സിനിമയിൽ വേഷം കിട്ടാതെ വന്നതോടെ വീണ്ടും നാടകരംഗത്തേക്ക് തിരികെയെത്തി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ പത്തു വർഷത്തോളം നാടകരംഗത്തു തുടർന്നു.