മാധ്യമ സ്വാതന്ത്രം; ചീഫ് എഡിറ്റേഴ്സ് ഗിൽഡ് കേന്ദ്ര മന്ത്രി ഡോ.രാജ് കുമാർ രഞ്ജൻ സിംഗിന് നിവേദനം നൽകി
ആലുവ: സ്വതന്ത്രവും നീതിപൂർവ്വവുമായ മാധ്യമ പ്രവർത്തനം ഇപ്പോൾ കേരളത്തിൽ അസാധ്യമാണെന്നും കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓൺലൈൻ മാധ്യമ മാനേജ്മെന്റുകളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് കേന്ദ്ര മന്ത്രി ഡോ.രാജ്കുമാർ രഞ്ജൻ സിംഗിന് നിവേദനം നൽകി.
ഹൃസ്വ സന്ദർശനത്തിന് കേരളത്തിലെത്തിയ മന്ത്രിയെ ആലുവാ പാലസിൽ വച്ച് നേരിൽക്കണ്ട് സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ ബി.വി, എക്സിക്യുട്ടീവ് അംഗം അജിതാ ജെയ്ഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിവേദനം നൽകുകയായിരുന്നു. സൈബർ പോരാളികളുടെ ഹീനമായ ആക്രമണങ്ങൾക്ക് തങ്ങൾ ഇരയായ്ക്കൊണ്ടിരിക്കുകയാണ്. കായികമായിപ്പോലും ആക്രമിക്കപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് ഇതൊക്കെ നടക്കുന്നത്.
ഏതു നിമിഷവും തങ്ങൾ ജയിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം. കേരളത്തിൽ മാധ്യമങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. മാധ്യമ പ്രവർത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിലൂടെ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന വാർത്തകൾ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് കള്ളക്കേസുകൾ കെട്ടിച്ചമക്കുകയും മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുവാൻ ശ്രമിക്കുകയുമാണ്. കേരളം ഭരിക്കുന്ന ഇടതുപക്ഷ പാർട്ടികളിൽ നിന്നും കടുത്ത ഭീഷണിയാണ് തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഭരണകക്ഷിയിൽപ്പെട്ട എം.എൽ.എമാരാണ് ഇതിനു നേത്രുത്വം നൽകുന്നതെന്നും നിവേദനത്തിൽ പറയുന്നു.
മാധ്യമ അടിയന്തിരാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനലിനെതിരെയും അതിന്റെ മാനേജിംഗ് എഡിറ്റർ ഷാജൻ സ്കറിയാക്കെതിരേയുമുള്ള ഭീഷണികളും കള്ളക്കേസുകളും. കൂടാതെ ഏഷ്യാനെറ്റ് വനിതാ റിപ്പോർട്ടർ ദിവ്യ, മാതൃഭൂമിയിലെ രണ്ട് റിപ്പോർട്ടർമാർ, മനോരമ കൊല്ലം റിപ്പോർട്ടർ എന്നിവർക്കെതിരെയും കേരളാ പോലിസ് കള്ളക്കേസുകൾ എടുത്തിട്ടുണ്ട്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വാർത്ത ചെയ്തതിനാണ് ഇവരുടെയെല്ലാം പേരിൽ കള്ളക്കേസുകൾ എടുത്തിട്ടുള്ളതെന്നും നിവേദനത്തിലൂടെ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ പത്ര - ടെലിവിഷൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കാലഹരണപ്പെട്ട കടലാസുകഷണവും സ്വീകരണമുറിയിലെ വിഡ്ഢിപ്പെട്ടിയും ജനങ്ങൾ പിന്തള്ളിക്കൊണ്ടിരിക്കുകയാണ്.
വാർത്തകൾ വളച്ചൊടിക്കാതെ ചൂടോടെ നൽകുന്ന ഓൺലൈൻ മാധ്യമങ്ങളെ ജനങ്ങൾ നെഞ്ചോട് ചേർക്കുന്നതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. വയറുനിറച്ച് ഭക്ഷണം കിട്ടിയാൽ ഏതുവാർത്തയും മുക്കുന്ന മാധ്യമ ധർമ്മമാണ് മുഖ്യധാരാ മാധ്യമങ്ങൾ അവലംബിക്കുന്നത്. എന്നാൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഉടനടി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് ഓൺലൈൻ മാധ്യമങ്ങൾ.
മാധ്യമ മേഖലയിൽ ചേരിതിരിവ് സൃഷ്ടിക്കുവാനുള്ള നീക്കം മനോരമ ഉൾപ്പെടെയുള്ളവർ അവസാനിപ്പിക്കണമെന്ന് ഓൺലൈൻ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറൽ സെക്രട്ടറി ജോസ് എം.ജോർജ്ജ് (കേരളാ ന്യുസ്), ട്രഷറർ വിനോദ് അലക്സാണ്ടർ (വി.സ്കയർ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യൻ (ഡെയിലി ഇന്ത്യൻ ഹെറാൾഡ്), എമിൽ ജോൺ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രൻ ബി.വി (കവർസ്റ്റോറി), എസ്.ശ്രീജിത്ത് (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ് അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈൻ കേരളാ 24), അജിത ജെയ്ഷോർ (മിഷൻ ന്യൂസ്) എന്നിവർ പറഞ്ഞു.