അടുത്ത ആഞ്ചു ദിവസം കൂടി മഴ തുടരും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഞ്ചു ദിവസം കൂടി മഴ തുടരുമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് വരും ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച്ച ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവർഷം കേരളത്തിൽ ദുർബലമായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.