വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു
കരിപ്പൂർ: ഗൾഫ് നാട്ടിൽ വിദ്യാലയം അടക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു. ഇരട്ടിയിലേറെയാണ് വർധന. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വർധനയാണ് വരുത്തിയത്. ജിദ്ദ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വർധന.
20,000 മുതൽ 22,000 വരെയുണ്ടായിരുന്ന ജിദ്ദ–കരിപ്പൂർ നിരക്ക് 43,675 രൂപയായി. ഷാർജ–കരിപ്പൂർ നിരക്ക് 12,000 മുതൽ 14,000 വരെയുണ്ടായിരുന്നത് 46,952 രൂപയാക്കി. ഷാർജ–കൊച്ചി നിരക്ക് 45,000ത്തിന് മുകളിലാണ്.
ദുബായ്–കരിപ്പൂർ, ദുബായ്–കൊച്ചി, ദുബായ്–തിരുവനന്തപുരം നിരക്കും 40,000 മുതൽ 43,000 വരെയെത്തി. മസ്കത്ത്–കരിപ്പൂർ, മസ്കത്ത്–കൊച്ചി, മസ്കത്ത്–തിരുവനന്തപുരം നിരക്കിലാണ് നേരിയ കുറവ്. 29,000ത്തിനും 30,000ത്തിനും ഇടയിൽ ടിക്കറ്റ് ലഭ്യമാകും. കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള നിരക്കിലും വർധനയുണ്ട്.
യു.എ.ഇ സെക്ടറിലേക്ക് 9000 മുതൽ 13,000 വരെയുണ്ടായിരുന്ന നിരക്ക് 17,000 മുതൽ 20,000 വരെ ഉയർത്തി. മൂന്നുമാസത്തിനിടെ മൂന്നാമത്തെ വർധനയാണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാർച്ച് അവസാനവാരം നിരക്ക് അഞ്ചിരട്ടി വർധിപ്പിച്ചിരുന്നു. മെയ് പകുതിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോൾ വീണ്ടും കൂട്ടിയിരിക്കുകയാണ്.