കെ ഫോണിന് സ്വതന്ത്രമായി നിലനിന്ന് പോകണമെങ്കിൽ പ്രതിവർഷം വേണ്ടത് കോടികൾ
തിരുവനന്തപുരം: കെ ഫോണിന് പ്രതിവർഷം സ്വതന്ത്രമായി നിലനിന്ന് പോകണമെങ്കിൽ കണ്ടെത്തേണ്ടത് കോടികളുടെ ബിസിനസ്. സംസ്ഥാന സർക്കാരിൻറെ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡറായ കെ ഫോണിന് കിഫ്ബിയിൽ നിന്ന് എടുത്ത വായ്പാ തിരിച്ചടവിന് മാത്രം വേണം വർഷം 100 കോടിരൂപ.
നിലവിലെ കണക്കനുസരിച്ച് 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റർനെറ്റ് എത്തിക്കണമെങ്കിൽ ഒരുവർഷത്തെ ചെലവ് 750 കോടിയോളം വരും. 1500 കോടി മുടക്കിയ ബൃഹത് പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് അനുവദിച്ചത് 1011 കോടി രൂപയാണ്. ഇതിൽ മൂന്ന് വർഷത്തിന് ശേഷം പലിശ സഹിതം തിരിച്ച് നൽകണമെന്ന വ്യവസ്ഥയിൽ 600 കോടിയാണ് കെ ഫോൺ കൈപ്പറ്റിയത്.
പ്രതിവർഷ തിരിച്ചടവ് കണക്കാക്കുന്നത് 100 കോടി വീതം. ഓഫീസ് ചെലവുകളും കെ.എസ്.ഇ.ബിക്ക് നൽകാനുള്ളതും ചേർത്ത് ചെലവ് പ്രതീക്ഷിക്കുന്നത് 30 കോടി. അറ്റകുറ്റപ്പണി ഇനത്തിൽ ബെൽ കൺസോർഷ്യത്തിന് ഏഴ് വർഷത്തേക്ക് നൽകേണ്ട 363 കോടി രൂപ കെ ഫോൺ തന്നെ കണ്ടെത്തണമെന്നാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഇതു കൂടാതെയാണ് സർക്കാർ ഓഫീസുകളിലേക്കുള്ള ഡേറ്റ വിതരണത്തിനും വരുന്ന ചെലവും സർക്കാർ പ്രഖ്യാപിച്ച സൗജന്യ കണക്ഷനും. ബജറ്റ് വിഹിതം സൗജന്യ സേവനങ്ങൾക്ക് കിട്ടുമെന്ന് കണക്ക് കൂട്ടുന്ന കെ ഫോൺ ആദ്യ വർഷം പ്രതീക്ഷിക്കുന്നത് ചുരുങ്ങിയത് 200 കോടി രൂപയാണ്. ഡാർക്ക് ഫൈബർ വാടക ഇനത്തിൽ നിന്നും മറ്റ് ബിസിനുകളിൽ നിന്നും 100 കോടി വീകതം കണ്ടെത്താമെന്നുമാണ് കെ ഫോണിന്റെ അവകാശവാദം.
കെ ഫോണിന്റെ ബിസിനസ് മോഡൽ ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ നയങ്ങളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും സാങ്കേതിക പങ്കാളിയായ എസ്.ആർ.ഐ.ടിയാണ്. പ്ലാനിൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള താരിഫ് ധാരണയായിട്ടുണ്ട്. ഐ.പി.ടി.വി പണം, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി സമാഹരിക്കും. നിലവിൽ ഇൻറർനെറ്റ് ലീസ് ലൈൻ ഫൈബർ റ്റു ഹോം, സ്റ്റാർട്ട് അപ്പുകൾക്ക് കണക്ഷൻ നൽകുന്ന കോ ലൊക്കേഷൻ സൗകര്യം, തുടങ്ങിയവയെല്ലാം വരുമാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് കെ ഫോൺ.
വാണിജ്യ അടിസ്ഥാനത്തിൽ 2,000-ലധികം സപ്ലൈകോ ഔട്ട്ലെറ്റുകൾ, കേരള ബാങ്ക് പോലുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങൾ, 14,000 റേഷൻ കടകൾ എന്നിവിടങ്ങളിലും കണക്ഷൻ ലഭ്യമാക്കും. നടക്കുന്ന ബിസിനസിൽ എന്ത് വരുമാനം വന്നാലും നിശ്ചിത തുക എം.എസ്.പിക്ക് മാറ്റിവയ്ക്കും വിധമാണ് കെ ഫോൺ കരാർ.