കോഴിക്കോട് മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയിയിൽ
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി നഗരത്തിൽ മൂന്നംഗ സംഘം പിടിയിൽ. ഒളവണ്ണ സ്വദേശി പയ്യുണ്ണി വീട്ടിൽ അജ്നാസ് പി.എ (23), പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസിൽ മുഹമ്മദ് റംഷാദ് ഇ. ടി (32), അരീക്കാട് സ്വദേശി ഹസ്സൻഭായ് വില്ല ഷംജാദ് പി.എം (27) എന്നിവരെയാണ് പിടികൂടിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ടൗൺ, വെള്ളയിൽ സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസ് അന്വേഷിക്കുന്നതിനിടയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.
ബിൽഡിംഗ് പാർക്കിങ്ങിലും, കടകൾക്ക് സമീപത്തും നിർത്തിയിട്ടിരിക്കുന്ന ബൈക്കുകൾ രാത്രി സമയങ്ങളിൽ ടൗണിൽ കറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. തുടർന്ന് ലഹരിവിൽപനക്കാർക്ക് മോഷ്ടിച്ച ബൈക്ക് കൊടുത്തിട്ട് മയക്കുമരുന്നു വാങ്ങും. ചെറൂട്ടി റോഡ് ലോറി സ്റ്റാന്റിൽ നിന്നുമാണ് പൊക്കുന്ന് സ്വദേശി സിദ്ധിക്കിന്റെ സ്കൂട്ടർ മോഷ്ടിച്ചത്, ഗാന്ധി റോഡ് ഭാഗത്തു നിന്നും വെള്ളയിൽ സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റും കവർന്നു.
പ്രതികളുടെ പേരിൽ നേരത്തെയും നിരവധി കേസുകൾ രജിസ്ട്രർ ചെ്യതിട്ടുണ്ടെന്നാണ് പൊലീസ് നൽകിയ വിവരം. മുഹമ്മദ് റംഷാദിന്റെ പേരിൽ കഞ്ചാവ് കേസും, അജ്നാസിന് കസബ, ടൗൺ, നല്ലളം എന്നിവിടങ്ങളിൽ മാല മോഷ്ടിക്കലും ബൈക്ക് മോഷണം കേസുകളും ഷംജാദിന് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ കഞ്ചാവ് കേസും ടൗൺ സ്റ്റേഷനിൽ ഹണി ട്രാപ്പ് കേസുമുണ്ട്.
അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ. ഷാജി ഇ.കെ, രമേഷ് എ, സജേഷ് കുമാർ, വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ അരുൺ വി.ആർ, രഞ്ജിത്ത്, ലിജേഷ് ബാലസുബ്രഹ്മണ്യൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.