കെ ഫോൺ ഉദ്ഘാടനം നടത്തി; ഡിജിറ്റൽ വിസ്മയം തീർത്ത് ഓഗ്മെന്റഡ് റിയാലിറ്റി
തിരുവനന്തപുരം: ലളിതവും പ്രൗഢഗംഭീരവുമായിരുന്നു കെ ഫോൺ ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിദ്യാർഥികളും ടെക്കികളുമടങ്ങുന്ന സദസ്സായിരുന്നു ചടങ്ങിന്റെ ഗാംഭീര്യം. സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാര വേദിയിൽനിന്ന് മാറിനിന്നവർക്കുള്ള കേരളത്തിന്റെ മറുപടിയായി ഓൺലൈനായി സാക്ഷ്യം വഹിച്ചത് പതിനായിരങ്ങൾ. കേരളത്തിന്റെ വിവിധ കോണുകളിൽനിന്നുള്ളവരോട് മുഖ്യമന്ത്രി ഓൺലൈനിൽ സംവദിച്ചു.
വിദ്യാർഥികളും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരും സർക്കാർ ജീവനക്കാരുമെല്ലാം തങ്ങളുടെ കെ ഫോൺ അനുഭവങ്ങൾ അഭിമാനപൂർവം പങ്കുവച്ചു. മുഖ്യമന്ത്രിയുടെ മറുപടികൾ സദസ്സ് ഹർഷാരവത്തോടെ ഏറ്റെടുത്തു. കെ ഫോൺ പദ്ധതി വിശദമാക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി അവതരണത്തിലൂടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
കെ ഫോൺ എന്തെന്നും എങ്ങനെ ജനങ്ങളിലെത്തുന്നുവെന്നും ലളിതമായി വിശദീകരിക്കുന്നതായിരുന്നു അവതരണം.വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കെ ഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു, ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ, കെ ഫോൺ ജനറൽ മാനേജർ മോസസ് രാജകുമാർ, കൗൺസിലർ മേരി പുഷ്പം, വി ശോഭന, ഭെൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കര സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം നിരവധി പ്രമുഖർ സദസ്സിലുണ്ടായിരുന്നു.
കെ ഫോൺ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡിജിറ്റൽ വിസ്മയം തീർത്ത് ഓഗ്മെന്റഡ് റിയാലിറ്റി (എആർ) ഷോ. ഡിജിറ്റൽ കേരളത്തിന്റെ കുതിപ്പിന് കരുത്തുപകരുന്ന കെ ഫോൺ പദ്ധതിയുടെ മികവ് വിളിച്ചോതുന്നതായിരുന്നു ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള അവതരണം.
കെ ഫോണിന്റെ വൈ-ഫൈ കണക്ടിവിറ്റിയിൽ കരുത്തുനേടിയ വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലെ പന്തലാടിക്കുന്ന് കോളനിയിലെ കാടും വീടുമടക്കം വേദിയിലേക്ക് എത്തിയത് പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി. സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ എആർ ഉപയോഗിച്ചുള്ള കാഴ്ചവിസ്മയം തീർത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു വിശിഷ്ടാതിഥികളും ഇരിക്കുന്ന സദസ്സിന്റെ മുൻവശത്ത് ഭൂമിക്കടിയിൽനിന്ന് റോബോട്ടിക് കൈ കേരളത്തിന്റെ ഭൂപടവുമായി ഉയർന്നുവന്നു.
വേദിക്കുമുന്നിൽ നെടുകെ നിവർത്തിവച്ച ഭൂപടത്തിലേക്ക് കാഴ്ചക്കാരുടെ ഇടയിൽനിന്ന് ഒരു കൂറ്റൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഒഴുകിയിറങ്ങി. തീരവും മലയോരവും ഒറ്റക്കണ്ണിയിൽ കോർത്തിണക്കുന്ന റിങ് നെറ്റ്വർക് ആർക്കിടെക്ചറും എആർ ഷോയിൽ ലളിതമായി വിശദീകരിച്ചു. കേരള സ്റ്റാർട്ടപ് മിഷനു കീഴിലുള്ള എക്സ്ആർ ഹൊറൈസനാണ് ഷോ അവതരിപ്പിച്ചത്.