ഇടുക്കി ഗ്രാമ പ്രദേശങ്ങളിലേക്ക് സിനിമ ഷൂട്ടിങ്ങുകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കും
ഇടുക്കി: ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് സിനിമ ഷൂട്ടിങ്ങുകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ മുൻകൈയെടുക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഓശാനയെന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയുടെ ഭാവിക്കും നിലനിൽപ്പിനും ടൂറിസ വികസനം അനിവാര്യമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ടൂറിസം വളർച്ചയ്ക്ക് സഹായകമാകുന്ന വിധത്തിൽ ജില്ലയിലേക്ക് കൂടുതൽ സിനിമ വ്യവസായങ്ങൾ കടന്നുവരുന്നത് സ്വാഗതാർഹമാണ്. എല്ലാവിധത്തിലും ഷൂട്ടിങ്ങ് സൗകര്യങ്ങൾ ഒരുക്കി ഈ വ്യവസായത്തെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കട്ടപ്പനയിൽ വച്ച് സാമൂഹിക വിരുദ്ധരായ ചിലർ ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത സംഭവം മാധ്യമങ്ങൾ വാർത്തകൾ ചെയ്തിരുന്നു. മുൻസിപ്പാലിറ്റിയിൽ പണം അടച്ച് ഷൂട്ടിങ്ങിന് മാർക്കറ്റിൽ എത്തിയ സിനിമാ സംഘത്തെയാണ് ഒരു കൂട്ടം ഗുണ്ടകൾ തടഞ്ഞത്. പിന്നീട് ഇവർക്ക് 20,000 രൂപ നോക്കുകൂലി നൽകിയ ശേഷമായിരുന്നു ചിത്രീകരണം നടത്തിയത്. ചിത്രീകരണം തടസ്സപ്പെട്ടത് മൂലം മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് സിനിമ സംഘത്തിന് ഉണ്ടായത്.
കട്ടപ്പന മാർക്കറ്റിൽ ചിത്രീകരിക്കാൻ സാധിക്കാതെ പോയ ഭാഗങ്ങൾ പിന്നീട് വ്യാപാരികളുടെ സഹായത്തോടെ മുരിക്കാശ്ശേരിക്ക് സമീപം രാജമുടിയിൽ ചിത്രീകരിക്കുകയായിരുന്നു. നിരവധിപേർക്ക് തൊഴിൽ ലഭിക്കുന്ന മേഖല കൂടിയാണ് സിനിമ. എന്നാൽ ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്ന ചില സംഘങ്ങൾ പ്രവർത്തിക്കുന്നത് മൂലം സിനിമാ വ്യവസായം സംസ്ഥാനം വിട്ടു പോകുന്ന കാഴ്ചയും കാണാൻ സാധിക്കും.
മൂന്നുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി എന്നും ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് പിന്നീട് ചിത്രീകരണം പൂർത്തീകരിക്കാൻ സാധിച്ചത് എന്നും സംവിധായകൻ മനോജ് പറഞ്ഞു. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, ഭൂമിയാംകുളം, മരിയാപുരം, ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജ്, കട്ടപ്പന ഗവൺമെൻറ് കോളേജ്, കൊക്കരക്കുളം തുടങ്ങിയ പ്രദേശങ്ങളിലായാണ് ഓശാനയുടെ ചിത്രീകരണം നടന്നത്. കട്ടപ്പനയിൽ മാത്രമായിരുന്നു ഈ സിനിമ സംഘത്തിന് ദുരനുഭവം ഉണ്ടായിട്ടുള്ളത്. സഹകരിച്ച എല്ലാ നാട്ടുകാർക്കും നന്ദി അർപ്പിച്ച ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കി ഓശാന സംഘം ഇന്ന് മടങ്ങിയത്.