ഇടുക്കി ജില്ലയുടെ ആസൂത്രകൻ വിട പറയുമ്പോൾ...
ഇടുക്കി: ജില്ലയുടെ വികസനപ്രവർത്തനങ്ങളുടെ ആസൂത്രകൻ സർക്കാർ സർവീസിൽ നിന്ന് വിടപറഞ്ഞു .
സുദീർഘമായ 25 വർഷത്തെ സേവനത്തിനുശേഷം ജില്ലാ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ നിന്നും വിരമിച്ച ഡോക്ടർ സാബു വർഗീസ് വിനയവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജീവനക്കാരുടെയും പൊതുപ്രവർത്തകരുടെയും മനസ്സിൽ ഉന്നതമായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ്.
ഇടുക്കി ജില്ലയിലെ കോടിക്കുളം സ്വദേശിയായ സാബു വർഗ്ഗീസ് തൊടുപുഴ ന്യൂമാൻ കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ് എന്നിവിടങ്ങളിൽ നിന്നും ഗ്രാജുവേഷനും പോസ്റ്റ്ഗ്രാജുവേഷനും പൂർത്തിയാക്കി 1998 ലാണ് ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിൽ റിസർച്ച് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുന്നത്. ശേഷം അഞ്ചു വർഷം ജലനിധിയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചു. രണ്ട് വർഷം കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസിലും സേവനമനുഷ്ടിച്ചു.
ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസർ എന്ന നിലയിൽ ജില്ലയുടെ സമഗ്രമായ വികസനത്തിനുതകുന്ന പദ്ധതികൾ ആവിഷ്കരിച്ച ഡോ. സാബു വർഗീസ് ഇടുക്കി പാക്കേജ് തയ്യാറാക്കുന്നതിൽ നിസ്തുലമായ പങ്കാണ് നിർവഹിച്ചത്. ജില്ലാവികസനസമിതി, ജില്ലാ പ്ലാനിംഗ് കമ്മറ്റി, ജില്ലാ പദ്ധതി തുടങ്ങിയവയിലൂടെ ജില്ലയുടെ വികസനം ലക്ഷ്യം വെച്ചുള്ള നൂതനായ ധാരാളം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
ജോലി ചെയ്ത എല്ലാ മേഖലകളിലും തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച സംഘാടകനും ചാരിറ്റി പ്രവർത്തകനും മോട്ടിവേറ്ററുമാണ്. വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് വേണ്ടിയും സന്നദ്ധ സംഘടനകൾ മുഖേന പൊതുജനങ്ങൾക്ക് വേണ്ടിയും ധാരാളം മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് അദ്ദേഹം സമയം കണ്ടെത്തി. ഐ. എം. ജി യിലും കിലയിലും വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ നടത്തി.
ഇടുക്കി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെ ജീവനക്കാരുടെ മാനസികോല്ലാസത്തിനും പരസ്പര സൗഹൃദത്തിനുമായി 2000-2001 കാലഘട്ടത്തിൽ ഡോ. സാബു വർഗീസ് മുൻകൈയെടുത്ത് കൾച്ചറൽ ഓർഗനൈസേഷൻ എന്ന കൂട്ടായ്മ സ്ഥാപിക്കുകയുണ്ടായി. ഔദ്യോഗിക ജീവിതത്തിനിടയിലെ തിരക്കിനിടയിൽ സമയം കണ്ടെത്തി കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് 2004 ൽ സാമ്പത്തിക ശാസ്ത്രത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
സങ്കീർണമായ കാര്യങ്ങളെ പോലും പോസിറ്റീവായി കാണുന്ന മനോഭാവം വളർത്തിയെടുത്ത അദ്ദേഹം എത്ര സമ്മർദ്ധമുള്ള ജോലിയും ആസ്വാദ്യകരമായി പൂർത്തിയാക്കി. നമ്മുടെ ഉള്ളിൽ തന്നെയുള്ള ദേഷ്യം, വെറുപ്പ്, വിദ്വേഷം, വാശി, പക തുടങ്ങിയ ദുർഗുണങ്ങളാണ് വ്യക്തികളുടെ ശത്രുക്കൾ എന്ന് തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കി സഹജീവികളോട് ശാന്തമായും മാന്യമായും പെരുമാറാൻ ശീലിച്ച അദ്ദേഹം വിപുലമായ സൗഹൃദ വലയത്തിന്റെ ഉടമയായിരുന്നു.
ഭൗതിക സമ്പത്ത് ആർജ്ജിക്കുന്നതിലല്ല, മറിച്ച് ഏതു സാഹചര്യത്തിലും കരുണയും സ്നേഹവും സഹാനുഭൂതിയുമാണ് പ്രകടിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പ്രവർത്തിയിലൂടെ പഠിപ്പിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ പൊതുപ്രവർത്തകരുമായും ജനപ്രതിനിധികളുമായും സൗഹൃദ ബന്ധം സൂക്ഷിച്ചു. ഉന്നത പദവിയെ ഒരു അലങ്കാരമായി കാണാതെ അത് നിസ്വാർത്ഥ സേവനത്തിനുള്ള മാർഗമായി കാണുകയും പ്രവർത്തിക്കുകയും ചെയ്തു.
മറ്റുള്ളവരെ കേൾക്കുവാൻ സന്മനസ്സുള്ള, അവരോട് എന്നും ആദരവോടെ മാത്രം സംസാരിക്കുവാൻ ശ്രദ്ധിച്ചിരുന്ന ഡോ. സാബു വർഗീസ് നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ ജില്ലാ പ്ലാനിങ് ഓഫീസറുടെ പദവിയിൽ നിന്നും വിരമിക്കുമ്പോൾ ജില്ലക്ക് നഷ്ടമാവുന്നത് ഒരു ഉന്നത ഉദ്യോഗസ്ഥനപ്പുറം മാനവിക കാഴ്ചപ്പാടുള്ള ഒരു ഭരണകർത്താവിനെയാണ്. മികച്ച സംഘാടകൻ കൂടിയായ ഡോക്ടറുടെ സേവനം തുടർന്നും നമ്മുടെ ജില്ലയ്ക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.
കലൂർക്കാട് സ്കൂളിൽ അധ്യാപികയായ ലിജിയാണ് ഭാര്യ. ബി.ടെക് കഴിഞ്ഞ മൂത്ത മകൻ ജോർജ് എം, പ്ലസ്ടുവിനും എസ്.എസ്.എൽ.സിക്കും പഠിക്കുന്ന ബ്രിൻജിറ്റ് റോസ്, ആൻ തെരേസ എന്നിവരാണ് മക്കൾ.