അഞ്ചാം തീയതി വരെ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: അഞ്ചാം തീയതി വരെ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ നേരിയ കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് - ഇടിമിന്നൽ കണ്ടാൽ തുറസ്സായ സ്ഥലങ്ങളിൽ തുടരാതെ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക, അവയ്ക്ക് അരികിൽ നിൽക്കരുത്. ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. മഴക്കാറ് കണ്ടാൽ കുട്ടികളെ തുറസായ സ്ഥലത്തേക്കും ടെറസ്സിലേക്കും ഇറക്കി വിടരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടരുത്.
ഇടിമിന്നലുള്ള സമയത്ത് സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിൽ യാത്ര ചെയ്യരുത്. ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുക.
ഈ സമയത്ത് കുളിക്കുവാൻ പാടില്ല. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. മിന്നൽ മൂലമുള്ള വൈദ്യുതി പൈപ്പുകളിലൂടെ സഞ്ചരിച്ചേക്കാം.
ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്.
കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിച്ചാൽ കൂടുതൽ സുരക്ഷിതമായിരിക്കും. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.